കോട്ടയം: മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത പൊതുജനങ്ങള്‍ക്കു മുന്‍കരുതലായി നല്‍കുന്നതിനായി പാലായില്‍ മീനച്ചിലാറിനോടു ചേര്‍ന്ന് ളാലം തോട്ടില്‍ ജനകീയ ജലനിരപ്പു സ്കെയില്‍ സ്ഥാപിച്ചു.
ഏതാനും വര്‍ഷങ്ങളായി മീനച്ചിലാറ്റില്‍ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലക്ഷകണക്കിനു രൂപയുടെ നഷ്്ടങ്ങളാണുണ്ടാക്കിയത്.വെള്ളപൊക്ക ദുരിതങ്ങള്‍ കുറയ്ക്കുവാനുള്ള പല പദ്ധതികളും ആലോചനയിലുണ്ടെങ്കിലും ഒന്നും വിജയകരമായി ഫലപ്രാപ്തിയിലെത്തിക്കാന്‍ അധികാരികള്‍ക്കു സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കാലവര്‍ഷത്തിനു മുന്നോടിയായി ഇത്തവണ മീനച്ചിലാറ്റിലും ളാലം തോട്ടിലും പ്രളയ ജലത്തിന്റെ വരവ് പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി മനസിലാക്കാന്‍ മീനച്ചിലാര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് അംഗം മനോജ് പാലാക്കാരന്റെ നേതൃത്വത്തില്‍ പരിസ്ഥിതി നദീസംരക്ഷക പ്രവര്‍ത്തകര്‍ ജനകീയ ജലനിരപ്പ് സ്കെയില്‍ സ്ഥാപിച്ചത്
പ്രളയകാലത്ത് ഓരോ മണിക്കൂര്‍ ഇടവിട്ട് ഫോട്ടോ പകര്‍ത്തും. അതില്‍ സമയവും തീയതിയും രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും.
ഊഹാപോഹ കണക്കുകളെയും ആശങ്കാജനകമായ വ്യാജ വാര്‍ത്തകളെയും ആശ്രയിക്കാതെ കൃത്യമായ നിഗമനങ്ങളില്‍ അധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും എത്തിച്ചേരാനും അതിനനുസരിച്ചുള്ള നടപടിക്രമങ്ങളെടുക്കാനും ഇതു സഹായിക്കുമെന്നു മനോജ് പാലാക്കാരന് പറഞ്ഞു.
ലോകമെങ്ങുമുള്ള പാലാകാര്ക്കും വെള്ളത്തിന്റെ അവസ്ഥയെക്കുറിച്ചു അറിയുവാന്‍ അതു ഉപകരിക്കും.ജല നിരപ്പ് നിരീഷിക്കുന്നതിനായി നഗരസഭ കാമറ സ്ഥാപിച്ചാല്‍ ചെയര്‍മാന്റെ ഓഫീസില്‍നിന്നും കൃത്യ സമയത്തു വേണ്ട നടപടികള്‍ കൈകൊള്ളുവനും സാധിക്കും.
നഗരസഭ മുന്‍ കൗണ്‍സിലര്‍മാരായ ആന്റോ പി. ജോണ്‍ പുഴക്കര, ടി.ജി. ബാബു, സേവ് മീനച്ചിലാര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് അംഗം മനോജ് പാലാക്കാരന്, മുനിസിപ്പല്‍ കോംപ്ലക്സ് ഷോപ്സ് അസോസിയേഷന് സെക്രട്ടറി സിബി റീജന്‍സി, ജയേഷ് പി. ജോര്‍ജ് എന്നിവരാണ് ജനകീയ ജലനിരപ്പ് സ്കെയില്‍ സ്ഥാപനത്തിനു നേതൃത്വം നല്‍കിയത്.