ഏറ്റുമാനൂർ: ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണിയുടെ നിർമാണം പൂർത്തിയാകുന്നു. സ്വകാര്യവ്യക്തിയിൽനിന്നു ലഭിച്ച ഒരു സെന്റ് സ്ഥലത്ത് പദ്ധതിക്കു വേണ്ടി അൻപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് നിർമിച്ചിട്ടുള്ളത്.
ഏറ്റുമാനൂർ സർക്കാർ ആശുപത്രി പരിസരത്തെ പ്രധാന ടാങ്കിൽനിന്നാണ് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുക. ടാങ്കിന്റെ 12 മീറ്റർ ഉയരം ഉൾപ്പെടെ ആകെ 58 മീറ്റർ ഉയരത്തിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജലസംഭരണിയുടെയും മറ്റും നിർമാണം നടന്നത്.
ഇതുമായി ബന്ധപ്പെട്ട വാട്ടർ അഥോറിറ്റിയുടെ ജോലികൾ അവസാനഘട്ടത്തിലാണെന്ന് അസിസ്റ്റന്റ് എൻജിനിയർ വിഷ്ണു ഉണ്ണിത്താൻ പറഞ്ഞു. സുരേഷ്ഗോപി എംപിയുടെ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഇനി നടക്കാനുണ്ട്. നഗരസഭയുടെ 10 ലക്ഷം രൂപയും ഇതിനായി ഉപയോഗിക്കും. നഗരസഭയുടെ 33, 34 വാർഡുകളിൽ വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഭാഗങ്ങളിലെ 218 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഉപഭോക്താക്കളുടെ ഒരു സമിതി ഉണ്ടാക്കി അവരുടെ നേതൃത്വത്തിലാണ് ജലവിതരണം. 1000 ലിറ്ററിന് ആറ് രൂപ എന്ന നിരക്കിലാണ് വെള്ളത്തിന് ഉപഭോക്താക്കൾ വാട്ടർ അഥോറിറ്റിക്ക് അടയ്ക്കേണ്ട തുക. അതേസമയം സാധാരണ രീതിയിൽ കണക്ഷൻ എടുക്കുന്ന ഉപഭോക്താവ് 1000 ലിറ്ററിന് നാല് രൂപയാണ് അടയ്ക്കേണ്ടത്.
ഏറ്റുമാനൂർ പഞ്ചായത്ത് ആയിരുന്നപ്പോൾ 2012 13 ൽ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് പിന്നീട് 22, 23 വാർഡ് കുടിവെള്ള പദ്ധതി എന്ന പേരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോന്പൗണ്ടിനുള്ളിൽ കിണർ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല.
ഈ കിണർ ഇപ്പോൾ മാലിന്യക്കൂന്പാരമായി മാറിയിരിക്കുകയാണ്. 2013-14ൽ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരിൽ ഏഴ് ലക്ഷം രൂപ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തു.2014-15ൽ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് ഒന്പത് ലക്ഷം രൂപാ അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെൻറ് വെക്കുകയോ ചെയ്യാതിരുന്നതിനാൽ ഫണ്ട് ലാപ്സായി.
2015-16ൽ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്റ് വയ്ക്കാത്തതിനാൽ ആ തുകയും ലാപ്സായി. ഇതിനിടെയാണ് 230ഓളം ഗുണഭോക്താക്കളിൽ നിന്ന് പിരിവെടുത്ത് സ്ഥലം വാങ്ങിയത്. ബാങ്കിൽ ബാധ്യത നിൽക്കുന്നതിനാൽ പോക്കുവരവ് ചെയ്ത് നഗരസഭാ സെക്രട്ടറിയുടെ പേരിൽ നൽകാൻ കൗണ്സിലർക്കോ ഗുണഭോക്തൃസമിതിക്കോ കഴിയാതെ പോയതും പദ്ധതി നീളാൻ കാരണമായി. സ്ഥലം നൽകിയ ആൾ ബാധ്യത തീർത്തതിനു ശേഷം നഗരസഭയുടെ പേരിൽ എഴുതി നൽകിയതിന് ശേഷമാണ് തുടർപ്രവർത്തനങ്ങൾ നടന്നത്.