ആലപ്പുഴ: പട്ടണക്കാട്ട് മൂന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് ഭീഷണിയായ ജല അഥോറിറ്റിയുടെ വാട്ടർ ടാങ്ക് അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കും ആർഡിഒയ്ക്കുമാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്.
പട്ടണക്കാട് കളത്തിൽ ഹൗസിൽ കെ.കെ. കൃഷ്ണകുമാർ നൽകിയ പരാതിയിലായിരുന്നു നടപടി. വാട്ടർടാങ്ക് ജീർണാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. 2015 ഡിസംബർ നാലിന് ആലപ്പുഴ ആർഡിഒ ടാങ്ക് പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് നൽകിയെങ്കിലും നടപടിയെടുത്തില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.
പരാതിക്കാരന്റെ വീടിനു സമീപത്തെ പന്പ് ഹൗസും പൊളിച്ചു മാറ്റേണ്ടതാണെന്ന് ജല അഥോറിറ്റി കമ്മീഷനെ അറിയിച്ചു. പന്പ് ഹൗസ് പൊളിക്കാനുള്ള അനുവാദം കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആർഡിഒ കോടതി ഉത്തരവ് അധികൃതർ മാനിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്.
ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ അപകടം സംഭവിച്ചാൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മൂന്നുവർഷത്തെ കാലതാമസം അനുവദനീയമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്ന് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് നടപ്പിലാക്കി മൂന്നു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു