പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയിൽ നാട്ടുകാർ കുടിവെള്ളം കിട്ടാതെ വലയുന്നു. പ്രശ്നം പരിഹരിക്കേണ്ടവർ സമരവും ഒത്തുകളി ചർച്ചയുമായി ജനങ്ങളെ വിഢികളാക്കുന്നു. ഉത്തരവാദിത്വത്തിൽ നിന്നു രക്ഷപെടാൻ പലരുടെ മേൽ പഴിചാരാൻ ഗ്രാമ പഞ്ചായത്തും ശ്രമിക്കുകയാണ്.
ബുദ്ധി മാന്ദ്യമുള്ള 35 ഓളം പേരുള്ള ചെമ്പനോട ബഡ്സ് സ്കൂളും മേഖലയിലെ ആംഗൻവാടികളുമാണ് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത് . ഭക്ഷണം പാകം ചെയ്യാനും പ്രാഥമികാവശ്യ നിർവഹണത്തിനും ഇവിടെ ജലമില്ല. അധ്യാപകരും മറ്റു ജീവനക്കാരും ദൂരെ ദിക്കുകളിൽ നിന്നു തലച്ചുമടായി വെള്ളമെത്തിച്ചാണു കാര്യനിർവഹണം നടത്തുന്നത്. ബഡ്സ് സ്കൂളിൽ കുട്ടികൾ സമീപത്തെ പുഴയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ജലനിധി – വാട്ടർ അഥോറിട്ടി ജലമാണു മേഖലയിൽ ലഭിച്ചു കൊണ്ടിരുന്നത്. ഇരു വകുപ്പും ഗ്രാമ പഞ്ചായത്തും പഴിചാരി പ്രശ്നത്തിൽ നിന്നു തടിയൂരാൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ സമരവുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്ന ആരോപണവുമുയരുന്നുണ്ട്. മേഖലയിലെ വാർഡ് മെമ്പർമാർ വെള്ളത്തിനായി രോദനം മുഴക്കുന്നുണ്ടെങ്കിലും ചെവി കേൾക്കാത്ത മട്ടിലാണു അധികൃതർ.
പെരുവണ്ണാമൂഴിയിൽ ജലമുണ്ട്. ചെമ്പനോടക്കു പൈപ്പുമുണ്ട്. ഇവിടേക്ക് വെള്ളം വിടാതെ തടഞ്ഞുവച്ചിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശനിയാഴ്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സത്യാഗ്രഹമനുഷ്ഠിക്കുമെന്നു ചെമ്പനോട വാർഡു മെമ്പർ സെമിലി സുനിൽ അറിയിച്ചു.