മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ ചാരായ വാറ്റ് നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റുകേന്ദ്രം കണ്ടെത്തി. വാറ്റു കേന്ദ്രത്തിൽ നിന്നു പിടികൂടിയ 80 ലിറ്റർ വാഷ് നശിപ്പിച്ചു.
രഹസ്യവിവരത്തെ തുടർന്നു ഇന്നലെ വൈകുന്നേരം മട്ടന്നൂർ അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.പവിത്രന്റെ നേതൃത്വത്തിൽ പൊറോറ പെരിയച്ചൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണു വാറ്റു കേന്ദ്രം കണ്ടെത്തിയത്.
പെരിയച്ചൂർ പുഴക്കരയോട് ചേർന്നായിരുന്നു വാറ്റു കേന്ദ്രം. മട്ടന്നൂരിലെ മദ്യഷോപ്പ് അടച്ചതിനാൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ചാരായ വാറ്റും വിദേശമദ്യം കൊണ്ടുവന്നുള്ള വിൽപ്പന നടത്തുന്നതും പതിവായിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ ടി.കെ.വിനോദൻ, സി.പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദകൃഷ്ണൻ, ശശികുമാർ, വിനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.