ഉരുൾപൊട്ടൽ നാശംവിതച്ച വയനാടിന് താങ്ങായി മലയാളികൾ കൈകോർത്ത് ഇറങ്ങിയിരിക്കുകയാണ്. കഴിക്കാൻ ഭക്ഷണവും ഉടുത്തു മാറാൻ വസ്ത്രവുമില്ലാതെ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നവർക്കായി ആവശ്യ സാധനങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്നുണ്ട്.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറായി എത്തിയ അമ്മമാർ വരെയുണ്ടായിരുന്നു നമുക്കിടയിൽ എന്നത് ഈ ദുരന്തത്തിനിടിയിലും ആശ്വാസം നൽകുന്ന കാര്യമാണ്.
രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ നടക്കുന്ന കരളലിയിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്.
വയനാട്ടില്‍ നിന്നും വന്ന ആംബുലന്‍സിന് കോഴിക്കോട് പടനിലത്തുവച്ച് വഴിയൊരുക്കുകയായിരുന്നു മറ്റ് വണ്ടികളും നാട്ടുകാരും. വെള്ളക്കെട്ടുള്ള റോഡിലേക്ക് ഇറങ്ങിയ ആംബുലന്‍സ് ഒരു ഘട്ടത്തില്‍ നില്ക്കും എന്ന അവസ്ഥവരെ ഉണ്ടായി.
തുടർന്ന് ആംബുലന്‍സ് നില്‍ക്കുമോ എന്ന ഭയത്തില്‍ കൂടിനിന്ന നാട്ടുകാര്‍ വരെ പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിനിടക്ക് ചിലര്‍ വീഴുകയും ചെയ്തു. എന്നാല്‍ കേടൊന്നും സംഭവിക്കാതെ ആംബുലന്‍സ് മുന്നോട്ട് പോയി.