കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുന്നു. ഇനി സുപ്രീം കോടതിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
വിധി വന്ന ഉടൻ തന്നെ പരമോന്നത കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധി ഹർജി നൽകി രണ്ടു മാസത്തിനു ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തീർപ്പ് വന്നത്.
സുപ്രീംകോടതിയിലും കേസ് നീണ്ടു പോയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
അതിനിടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി അധികം വൈകാതെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന അടക്കം നടത്തുകയും ചെയ്തിരുന്നു.
സുപ്രീംകോടതിയിൽ കേസിന്റെ വിധി എന്താകുമെന്ന ആകാംക്ഷയ്ക്കിടെ ഉപതെരഞ്ഞെടുപ്പ് തന്നെയാണ് ദേശീയതലത്തിലെയും ചർച്ചാ വിഷയം. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ കോണ്‍ഗ്രസിനു വേണ്ടി ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് പ്രദേശികമായി കോണ്‍ഗ്രസിനുള്ളിൽ ചൂടേറിയ ചർച്ചകൾ ആരംഭിച്ചു.
രാഹുൽഗാന്ധിക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ അദേഹത്തിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കണമെന്നതാണ് ഭൂരിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്.
എന്നാൽ ഒൗദ്യോഗികമായി ഇക്കാര്യം പാർട്ടിയിൽ ചർച്ചയായിട്ടില്ലെന്നും നിയമ പോരാട്ടങ്ങളിലൂടെ രാഹുൽഗാന്ധിക്ക് തിരിച്ചുവരാൻ സാഹചര്യമൊരുക്കുക എന്നതുമാത്രമാണ് പാർട്ടിയുടെ മുന്നിലുള്ള അജണ്ടയെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദീഖ് എംഎൽഎ പറഞ്ഞു.
നെഹ്റു കുടുംബത്തോട് എന്നും പ്രത്യേക മമത കാണിച്ചിട്ടുള്ള വയനാട് ഉറച്ച മണ്ഡലമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
വയനാടിന്റെ രാഷ്ട്രീയ ചരിത്രം
2009ൽ പതിനഞ്ചാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ പൊടിപാറും പോരാട്ടമാണ് നടന്നത്. ഒരു വശത്ത് എൻസിപിയെ പ്രതിനിധീകരിച്ച് കെ. മുരളീധരൻ. (കെ. മുരളീധരൻ പിന്നീട് കോണ്‍ഗ്രസിലെത്തി).
മലബാറുമായി അഭേദ്യമായ ബന്ധമുള്ള കെ. മുരളീധരന്റെ സ്ഥാനാർഥിത്വമായിരുന്നു 2009ലെ ചൂടേറിയ ചർച്ച. മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞ എം.ഐ. ഷാനവാസായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി.
അന്ന് എം.ഐ. ഷാനവാസിനെ മലബാറുകാർക്ക് അധികം പരിചയമില്ല. കൂടാതെ കടുത്ത വെല്ലുവിളിയുമായി എൽഡിഎഫ് സ്ഥാനാർഥി എം. റഹ്മത്തുള്ള.
കോണ്‍ഗ്രസിന്റെ വോട്ട് ചിതറി ഷാനവാസ് നിലം പരിശാകുമെന്ന് കണക്കുകൂട്ടിയ രാഷ്ട്രീയ നിരീക്ഷകരെയെല്ലാം ഞെട്ടിച്ചാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. 410,703 വോട്ടുകൾക്ക് ജയിച്ച എം.ഐ. ഷാനവാസ് 2014ലും വെന്നിക്കൊടി പാറിച്ചു.
2014ൽ സ്വതന്ത്ര സ്ഥാനാർഥിയായി പി.വി. അൻവർ. (പി.വി. അൻവർ ഇപ്പോൾ നിലന്പൂർ എംഎൽഎ). കൂടാതെ സിപിഐയുടെ സത്യൻ മൊകേരിയും ബിജെപിയുടെ രശ്മിൽനാഥും ഉയർത്തിയ വെല്ലുവിളികളെയെല്ലാം കോണ്‍ഗ്രസ് അതിജീവിച്ചു.
കൈവിട്ടുപോകുമെന്ന തോന്നിയ സാഹചര്യങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ’കൈ’ പിടിച്ചുയർത്തിയ മണ്ഡലമെന്ന വിലയിരുത്തലിലാണ് എഐസിസി രാഹുൽഗാന്ധിയെ 2019 ൽ വയനാട്ടിലേക്ക് പറിച്ചു നട്ടത്.
കണക്കുകൂട്ടലുകൾ തെറ്റിയില്ല. എൽഡിഎഫ് വോട്ടുകൾ വരെ കോണ്‍ഗ്രസിന്റെ പെട്ടിയിൽ വീണു. അങ്ങനെ 706,367 വോട്ടുകൾക്ക് രാഹുൽഗാന്ധി പാർലമെന്റിലെത്തി. കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുൽഗാന്ധിക്കായിരുന്നു-431,770 വോട്ടുകൾ.
വയനാട് ജില്ലയിലെ മാനന്തവാടി, ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലന്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം. ലോക്സഭാ പുനർനിർണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.