പുൽപ്പള്ളി: വയനാടൻ കാപ്പിയിൽ പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ചു വിജയം കാണുകയാണ് പുൽപ്പള്ളിയിലെ സംരംഭകനായ വേലിയന്പം മേക്കാട്ടിൽ സജി പോൾ.
കുടിയേറ്റമേഖലയിൽ തരംഗമായി മാറിയ ’ബെൻസ് കോഫി’ക്കു പിന്നാലെയാണ് സജി പുതിയ രുചിക്കൂട്ടുകളുമായെത്തുന്നത്.
കാപ്പിപ്പൊടി വാങ്ങാനെത്തുന്നവരുടെ ആവശ്യാർഥം കൂട്ടുകൾ ചേർത്തു പൊടിച്ചുകൊടുക്കുന്നതാണ് സജിയുടെ രീതി.
ഏലക്കയും ജീരകവുമെല്ലാം ചേർത്തുള്ള കാപ്പിപ്പൊടികൾക്കൊപ്പം തന്നെ മസാലക്കൂട്ടുകളും വിവിധ ഔഷധങ്ങളും ചേർത്തു വിവിധങ്ങളായ രുചിയിലുള്ള കാപ്പിപ്പൊടികളാണ് സജിയുടെ ശേഖരത്തിലുള്ളത്.
നേരത്തെ വിവിധകൂട്ടുകൾ ചേർത്തുണ്ടാക്കിയ ’ബെൻസ് കോഫി’ എന്ന് പേരിട്ട വയനാടൻ കാപ്പിപ്പൊടിക്കായി നിരവധിപേരാണ് സജിയെ തേടിയെത്തിയത്.
കാപ്പികർഷകരിൽ നിന്നു നേരിട്ടു പലപ്പോഴും വിപണിയിലേതിനേക്കാൾ വില നൽകിയാണ് സജി വാങ്ങാറുള്ളത്. ഉണ്ടക്കാപ്പി കുത്തി പരിപ്പാക്കി വറുത്തുപൊടിക്കുന്നതുമെല്ലാം സജിയുടെ മേൽനോട്ടത്തിൽ തന്നെയാണ്.
ബത്തേരി സെന്റ്മേരീസ് കോളജിൽ നിന്നു ബിരുദവും മാനന്തവാടി മലബാർ കോളജിൽ നിന്നു ബിരുദാനന്തരബിരുദവും കഴിഞ്ഞു ജോലിയന്വേഷിച്ചു നടക്കുന്ന സമയത്താണ് സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കിൽ നിന്നു വായ്പയെടുത്തു മില്ല് തുടങ്ങുന്നത്.
കാപ്പി സമൃദ്ധമായ വയനാട്ടിൽ ആദ്യമെല്ലാം കാപ്പിപ്പൊടിക്കു ആവശ്യക്കാർ വളരെ കുറവായിരുന്നു. പിന്നീടാണ് ജൈവകോഫി എന്ന മറ്റൊരാശയം ഉടലെടുക്കുന്നത്.
രാസവളപ്രയോഗങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത തോട്ടങ്ങൾ കണ്ടെത്തി അവരിൽ നിന്നു കാപ്പി വാങ്ങാൻ തുടങ്ങി. പിന്നീടു വിവിധങ്ങളായ രുചിക്കൂട്ടുകൾ കണ്ടെത്തി.
ആവശ്യക്കാരേറിയതോടെ വേലിയന്പത്ത് ആദ്യം സ്ഥാപിച്ച മില്ലിനെ കൂടാതെ സുഹൃത്ത് ബെന്നി മാത്യുവുമായി ചേർന്നു പുൽപ്പള്ളി ടൗണിൽ ഇക്കോ ഫ്രണ്ട്ലി ഹൈടെക് മില്ലും ആരംഭിച്ചു.
കോവിഡ് പ്രതിസന്ധി വിൽപ്പനയെ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്പമുള്ള ജീവനക്കാരെ പിരിച്ചുവിടാനോ ശന്പളം വെട്ടിക്കുറയ്ക്കാനോ സജി തയ്യാറല്ല. സിന്ധുവാണ് സജി പോളിന്റെ ഭാര്യ. ബേസിൽ, അലോണ എന്നിവരാണ് മക്കൾ.