കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റിനെ ബത്തേരി എംഎൽഎ ഫോണിലൂടെ തെറി വിളിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
വിവാദം കത്തിപ്പടർന്നതിനിടെ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനോട് മാപ്പു ചോദിച്ചു. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയതായാണ് സൂചന.
ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ ഡിസിസി പ്രസിഡന്റ് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു താനെന്നും ഉടൻ എത്താമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞുവെങ്കിലും തെറിവിളിക്കുകയായിരുന്നു എംഎൽഎ.
നിങ്ങൾ എന്താന്ന് വച്ചാ ചെയ്യൂവെന്നും താൻ പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണെന്നും എംഎൽഎ രോഷകുലനായി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസി ഓഫീസിൽ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്.
അതിനിടെ ഇന്നലെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പ് ചർച്ചയിൽനിന്ന് ബാലകൃഷ്ണൻ വിട്ടു നിന്നു. എംഎൽഎയും ഡിസിസി പ്രസിഡന്റും തമ്മിൽ നടത്തിയ സ്വകാര്യ ഫോണ് സംഭാഷണം എങ്ങനെയാണ് പുറത്തുവന്നത് എന്നതും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കോണ്ഗ്രസിനുള്ളിലെ വിഭാഗീയതയാണ് ശബ്ദരേഖ പുറത്തുവിടാൻ കാരണമെന്നും അണികൾക്കിടയിൽ അഭിപ്രായമുണ്ട്.
എരിതീയിൽ എണ്ണയൊഴിക്കുന്ന മട്ടിൽ കോണ്ഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായിരിക്കെ സക്കറിയ മണ്ണിൽ എന്ന പ്രാദേശിക നേതാവ് 2021 ഓഗസ്റ്റ് അഞ്ചിന് കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്നുണ്ട്.
ബത്തേരി അർബൻ ബാങ്കിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കത്ത്.
അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത ആരോടെങ്കിലും പത്തുലക്ഷം രൂപ വാങ്ങിക്കൊടുക്കാൻ മുതിർന്ന നേതാവ് തന്നെ അധികാരപ്പെടുത്തിയെന്നും ഇതനുസരിച്ച് ഒരാളിൽനിന്നു വാങ്ങിയ 15 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അദ്ദേഹത്തെ ഏൽപ്പിച്ചുവെന്നുമാണ് സക്കറിയ മണ്ണിൽ കെപിസിസി അധ്യക്ഷന് അയച്ച കത്തിൽ ആരോപിക്കുന്നത്.