കൽപ്പറ്റ: “തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കണം. അങ്ങനെ ചെയ്താൽ പണവും സംരക്ഷണവും ഭാവിയിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റും നൽകാം’
-മുൻ വയനാട് ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്റേതെന്ന പേരിൽ പുറത്തുവന്ന ഈ ഓഡിയോ ക്ലിപ് വയനാട്ടിൽ വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
വയനാട് മുട്ടിൽ പഞ്ചായത്തിലെ ഒരു വനിതാ അംഗവുമായി മുൻ ഡിസിസി പ്രസിഡന്റ് നടത്തിയ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്.
മുട്ടിൽ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ താഴെയിറക്കാൻ സിപിഎമ്മുമായി ചേർന്ന് മുൻ ഡിസിസി പ്രസിഡന്റ് അട്ടിമറി ശ്രമം നടത്തിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉയർത്തുന്നു.
യുഡിഎഫിലെ ധാരണയനുസരിച്ച് മുട്ടിൽ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പരസ്പരം മാറാൻ കോണ്‍ഗ്രസിലും ലീഗിലും നീക്കം നടന്നതിനിടെയാണ് അട്ടിമറി ശ്രമം നടന്നത്.
സിപിഎം സഹയാത്രികനും മുൻ വയനാട് ഡിസിസി പ്രസിഡന്റുമായ പി.വി. ബാലചന്ദ്രനെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ശ്രമം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസത്തിനു തലേന്ന് പഞ്ചായത്ത് അംഗം വിജയലക്ഷ്മിയുമായി പി.വി. ബാലചന്ദ്രൻ നടത്തിയ ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
19 അംഗങ്ങളാണ് മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. യുഡിഎഫിന് 11 ഉം എൽഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. വിജയലക്ഷ്മി ഉൾപ്പെടെ യുഡിഎഫ് അംഗങ്ങളിൽ ചിലരെ ചാക്കിലാക്കി ഭരണം പിടിക്കാനായിരുന്നു സിപിഎം ശ്രമമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ് പറഞ്ഞു.
ബാലചന്ദ്രൻ സിപിഎമ്മിന്റെ പർച്ചേസിംഗ് ഏജന്റായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാലചന്ദ്രൻ വിളിച്ചപ്പോൾ ആലോചിച്ച് ഒരു മണിക്കൂറിനകം മറുപടി പറയാമെന്നാണ് വിജയലക്ഷ്മി അറിയിച്ചത്.
ഫോണിലൂടെ പ്രലോഭനം നടന്ന് പത്ത് മിനിറ്റിനകം വിജയലക്ഷ്മി വിവരം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പട്ടികവർഗ വനിതാ സംവരണവാർഡിൽ വിജയിച്ചാണ് വിജയലക്ഷ്മി ഭരണസമിതിയിലെത്തിയത്.
ഭരണം അട്ടിമറിക്കുന്നതിനു വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചതിന് ബാലചന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചനയിലുണ്ട്.