കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും ടി. സിദ്ദിഖ് എംഎൽഎയ്ക്കുമെതിരേയാണ് പോസ്റ്ററുകൾ.
“കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ പോസ്റ്ററിൽ പരാമർശം ഇല്ല. അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പോലീസ് കയറിനിരങ്ങുന്നു,
പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’-എന്നൊ ക്കെയാണ് പോസ്റ്ററിലുള്ളത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണനു പുറമേ എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
ഇവരെ മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വിവാദം കോണ്‍ഗ്രസിനാകെ നാണക്കേടായ സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തില്‍ അഴിച്ചുപണിവേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇതിനു തുടര്‍ച്ചയായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.