കല്‍പ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘം. ഉത്തരമേഖല ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം രൂപീകരിച്ച ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിനാണ് അന്വേഷണച്ചുമതല.
കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്ദാനംചെയ്ത് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണോ ആത്മഹത്യയിലേക്കു നയിച്ചതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എൻ.എം. വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോഴവാങ്ങിയെന്നാണ് ആക്ഷേപം.
കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്കു തിരികെ നൽകുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഈ മാസം 24-നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയായിരുന്നു മരണം. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്മാരില് പ്രമുഖനായിരുന്നു അദ്ദേഹം.
മകന് ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകനു വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ ക്കുറിപ്പുകളൊന്നും കണ്ടെത്തിയിരുന്നില്ല.