അജിത് മാത്യു
കൽപ്പറ്റ: സ്കൂളുകളുടെയും ജീവനക്കാരുടെയും അധ്യാപരുടെയും എണ്ണമോ, ഭൗതിക-ഭൂമിശാസ്ത്ര കിടപ്പോ പരിഗണിച്ചല്ല വിദ്യാഭ്യാസ ഓഫീസുകൾ വിഭജിച്ചിരിക്കുന്നതെന്നും ഇവ ശാസ്ത്രീയമായി വിഭജിക്കണമെന്നും ആവശ്യമുയരുന്നു. വിഭജനം ശാസ്ത്രീയമല്ലാത്തതുകൊണ്ടുതന്നെ അക്കാദമിക പരിശോധന ഉറപ്പു വരുത്താനാവുന്നില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു.
കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ജില്ല ഏറ്റവും പിറകിലായിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് ജില്ലാ-ഉപജില്ലാ ഓഫീസുകൾ ശാസ്ത്രീയമായി വിഭജിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്.
ദേശീയ വിദ്യാഭ്യാസ ഗുണനിലവാര റിപ്പോർട്ടിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പൊതുപരീക്ഷകളിലും ജില്ല ഏറെ പിന്നിലാണ്. സ്കൂളുകളുടെ എണ്ണവും വിദ്യാഭ്യാസ ഓഫീസുകളും സ്കൂളുകളും തമ്മിൽ നിലവിലുള്ള അശാസ്ത്രീയ വിഭജനവും ഇതിന് കാരണമാവുന്നുണ്ട്.
128 എൽപി സ്കൂളുകളും 71 യുപി സ്കൂളുകളും 87 ഹൈസ്കൂളുകൾ, 61 ഹയർസെക്കൻഡറി സ്കൂളുകളും 10 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുമാണ് ജില്ലയിലുള്ളത്. ഒന്നു മുതൽ 10 ക്ലാസുവരെയുള്ള സ്കൂളുകൾ 286 എണ്ണമുണ്ട്. ഹയർസെക്കൻഡറി ഉൾപ്പെടുന്നതോടെ എണ്ണം 357 സ്കൂളുകളാവും.
ഇവയെല്ലാം പരിശോധിക്കാനും നിയന്ത്രിക്കാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജില്ലയിൽ അഞ്ച് ഓഫീസർമാരാണുള്ളത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഇഒ) കീഴിൽ വരുന്നത് വയനാട്ടിലാണ്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് (എഇഒ) കീഴിൽ എൽപി, യുപി, സ്കൂളുകളുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് വയനാട്ടിലാണ്. 222 സ്കൂളുകൾ മൂന്ന് എഇഒ ഓഫീസ് പരിധിയിലാണ് വരുന്നത്. വൈത്തിരി-69, ബത്തേരി-79, മാനന്തവാടി-81. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുന്പോൾ ഇത്രയും സ്കൂളുകൾ മൂന്ന് ഓഫീസർക്ക് കീഴിൽ വരുന്നതും വയനാട്ടിൽ മാത്രമാണ്.
മറ്റ് ജില്ലകളിലെ സ്കൂളുകളുടെ എണ്ണവും വിദ്യാഭ്യാസ ഓഫീസുകളുടെ എണ്ണവും ശാസ്ത്രീയമായാണ് വിഭജിച്ചിരിക്കുന്നത്. ജില്ലയിൽ ശാസ്ത്രീയ വിഭജനം നടക്കുകയാണെങ്കിൽ പുതുതായി മൂന്ന് ഉപജില്ലയും ഒരു വിദ്യാഭ്യാസ ജില്ലയും വയനാട്ടിലുണ്ടാവും. ഭരണപരമായും അക്കാദമികമായും വിദ്യാഭ്യാസ ഗുണനിവാരത്തിലും ജില്ലക്ക് ഉയരാനാവും.
പഠനം കാര്യക്ഷമമാക്കാൻ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞ്കിടക്കുന്ന അധ്യാപക തസ്തികകളിൽ നിയമനം പൂർത്തിയാക്കണമെന്നും എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനാംഗീകാര ഫയലുകളിൽ ഉടനെ തീർപ്പുണ്ടാക്കണമെന്നും അധ്യാപക വിദ്യാർഥി സംഘടനകൾ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
ഓണ്ലൈൻ വിദ്യാഭ്യാസ രീതിയിൽ ജില്ലയിലെ നല്ലൊരു ശതമാനം വിദ്യാർഥികളും പരിധിക്ക് പുറത്താണ്. വിദ്യാഭ്യാസവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷവും ഏകദേശം 21,000 കുട്ടികൾക്ക് സ്മാർട്ട് ഫോണ് സ്വന്തമായില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പട്ടികവർഗവികസന വകുപ്പിന്റെ കണക്കനുസരിച്ച് 23,000 കുട്ടികളുണ്ടെന്ന് പറയുന്നു.
28 ഉൗരുകളിൽ പൂർണമായും 43 ഉൗരുകളിൽ ഭാഗികമായും ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലെന്ന് പറയുന്നു. വയനാടിന്റെ കാലാവസ്ഥയിൽ വൈദ്യുതി മുടക്കം സാധാരണമാണ്. മൊബൈൽ കണക്ഷൻ ലഭ്യതകുറവും പ്രയാസമുണ്ടാക്കുന്നു. 14 ശതമാനം വരുന്ന ഗോത്ര ഉൗരുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതെ പ്രയാസപ്പെടും.
ഇന്റർനെറ്റ് റീചാർജ്ചാർജ് ചെയ്യാൻ പ്രയാസപ്പെടുന്നവരും കൂട്ടത്തിലുണ്ട്. ഇക്കാര്യങ്ങളിൽകൂടി പരിഹാരം കണ്ടെത്തിയെങ്കിൽ മാത്രമേ ജില്ലയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയുകയുള്ളു.