കോഴിക്കോട്: ബിജെപി ദേശീയനേതൃത്വത്തിന് ഇനി വയനാട് മാനിയ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേരളത്തില്‍ എത്തുമെന്ന് ഉറപ്പായി. 12ന് കോഴിക്കോട് ബീച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ സംസ്ഥാനത്തെത്തും.
രാഹുലിനെതിരായ പ്രചാരണ തന്ത്രങ്ങളാണ് ബിജെപി ദേശീയ നേതാക്കള്‍ മെനയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം ദേശീയ നേതാക്കള്‍ എത്തുന്നതിനനുസരിച്ച് ക്രമികരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ സംസ്ഥാന നേതാക്കളെക്കാള്‍ ദേശീയ നേതാക്കളായിരിക്കും പ്രചരണരംഗത്തുണ്ടാകുക. ദേശീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അമേഠി മണ്ഡലത്തിലെ വികസനമുരടിപ്പ് ഉയര്ത്തികാട്ടിയുമായിരിക്കും പ്രചാരണം.
സംസ്ഥാന നേതാക്കളോട് മറ്റു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. കഴിഞ്ഞ ദിവസം സ്വകാര്യചാനല്‍ നടത്തിയ സര്‍വേയും ബിജെപിക്ക് ആശ്വാസം പകരുന്നതാണ്.
കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ എത്തുന്നതോടെ അതിന്റെ ഗുണം എല്ലാ മണ്ഡലങ്ങളിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നിലവില്‍ വയനാട്ടില്‍ പ്രചാരണത്തിനായി എത്തുന്നുണ്ട്. അമേഠിയില്‍ രാഹുലിനെ എതിരിടുന്ന സ്മൃതി ഇറാനി ഈ മാസം ഒന്‍പതിനും ബിജെപി അധ്യക്ഷന്‍ അമിത് ഷാ 17നുമാണ് വയനാട്ടിലെത്തുന്നത്.
ഇവരെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കള്‍ വയനാട്ടിലെത്തുമെന്ന സൂചനയാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്നത് പാര്‍ട്ടി സ്ഥാനാര്‍ഥി അല്ലെങ്കിലും കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണം നടത്താനുള്ള വേദിയായാണ് ബിജെപി ദേശീയ നേതൃത്വം വയനാടിനെ കാണുന്നത്.
എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും ദേശീയ നേതാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യവും ദേശീയ നേതൃത്വത്തിനുണ്ട്. സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന് പിള്ള തുടങ്ങിയ നേതാക്കളാണ് സിപിഎമ്മിനായി പ്രചാരണ രംഗത്തുണ്ടാകുക.
ബിജെപി നേതാക്കള്‍ രാഹുലിനെ ടാര്‍ജറ്റ് ചെയ്യുമ്പോള്‍ രാഹുലിനെയം ബിജെപിയെും ഒരുമിച്ച് എതിര്‍ക്കേണ്ട അവസ്ഥയാണ് ബിജെപിക്ക്. കോണ്‍ഗ്രസ് ആകട്ടെ രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ്.