ബാബു ചെറിയാൻ
കോഴിക്കോട്: ലോകശ്രദ്ധ ആകർഷിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടുചെയ്യാൻ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന ന്യൂജെൻ വോട്ടർമാരും, പ്രവാസികളും നാട്ടിലേക്ക് ഒഴുകിയെത്തുന്നു. മുൻവർഷങ്ങളിൽ കേരളത്തിനു പുറത്ത് താമസിച്ച് ജോലിചെയ്യുന്നവരും വിദ്യാർഥികളും ചെറിയ ശതമാനം മാത്രമെ വോട്ടുചെയ്യാൻ എത്തിയിരുന്നുള്ളു. എന്നാൽ “ഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കാനായി നല്ലൊരുശതമാനം വോട്ടർമാർ ഇതിനകം നാട്ടിലെത്തി.
ഈസ്റ്റർ അവധിയോടനുബന്ധിച്ച് രണ്ടുദിവസം അവധിയെടുത്താൽ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവരുടെ വരവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വോട്ടിങ്ങ് ശതമാനം വർധിക്കുന്നത് ചങ്കിടിപ്പോടെയാണ് ഇടതുപക്ഷം കാണുന്നത്. 2014ൽ 73.26 ആയിരുന്നു വയനാട് മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം. അത് ഇക്കുറി 90 നടുത്ത് എത്തുമെന്നാണ് മണ്ഡലത്തിൽനിന്ന് ലഭിക്കുന്ന സൂചനകൾ. മണ്ഡലത്തിൽനിന്ന് മറ്റിടങ്ങളിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനകം വിവാഹം ചെയ്തയച്ച സ്ത്രീകളും ഇത്തവണ വോട്ടുചെയ്യാൻ പിതൃഭവനങ്ങളിലെത്തിയിട്ടുണ്ട് .
രാഹുൽ ഗാന്ധിയെ മനസാ സ്വീകരിച്ചവരാണ് മണ്ഡലത്തിലെ നവ വോട്ടർമാരിൽ ഭൂരിപക്ഷവും. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന വയനാട്ടിൽ ഇത്തവണ ആകെയുള്ള 1357819 വോട്ടർമാരിൽ 110493 പേർ നവ വോട്ടർമാരാണ്. ഇത് ആകെയുള്ള വോട്ടർമാരുടെ എട്ട് ശതമാനത്തിലധികം വരും.നവ വോട്ടർമാരെ നാട്ടിലെത്തിക്കാൻ ഇരു മുന്നണികളും സജീവമായി രംഗത്തുണ്ട്. ഇരുകൂട്ടരും ആത്മവിശ്വാസത്തിലാണെങ്കിലും രാഹുൽ-പ്രിയങ്ക തരംഗം പുതിയ വേട്ടർമാരെയും സ്ത്രീകളേയും വൻതോതിൽ സ്വാധീനിച്ചതായാണ് രാഷ്ട്രീയ നിരീക്ഷണം.
വയനാട്, കോഴിക്കോട്, മലപ്പുറം, എന്നീ മൂന്നു കാർഷിക ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങൾ, അതിലെ അഞ്ച് നഗരസഭകൾ, അൻപത് പഞ്ചായത്തുകൾ എന്നിവയടങ്ങുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.ഇതിൽ മാനന്തവാടി, കൽപറ്റ, തിരുവന്പാടി, നിലന്പൂർ നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫും, സുൽത്താൻ ബത്തേരി , വണ്ടൂർ,ഏറനാട് മണ്ഡലങ്ങൾ യുഡിഎഫും ഭരിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ച 2009ൽ നടന്നതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.ഐ. ഷാനവാസ് 410703 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ എം. റഹ്മത്തുള്ളയ്ക്ക് ലഭിച്ചത്- 257264 ഉം ബിജെപി സ്ഥാനാർഥി സിവാസുദേവന് കിട്ടിയത് കേവലം 31687 വോട്ടുകളുമാണ്.
153439 വോട്ടുകളായിരുന്നു എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം. 2014ൽ എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം പഴയ ഒന്നരലക്ഷത്തിൽനിന്ന് 20870 ആയി കുറയുകയുണ്ടായി. അന്ന് മാനന്തവാടി(8666), സുൽത്താൻ ബത്തേരി (8983) മണ്ഡലങ്ങൾ മാത്രം എൽഡിഎഫിനൊപ്പം നിന്നപ്പോൾ കൽപ്പറ്റ (1880), തിരുവന്പാടി(2385), ഏറനാട് (18838), നിലന്പൂർ (3266) , വണ്ടൂർ (12267) എന്നീ അഞ്ച് മണ്ഡലങ്ങളും യുഡിഎഫിനെ തുണച്ചു. പോസ്റ്റൽ വോട്ടുകളിൽ എൽഡിഎഫിന് 117 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായി.
എന്നാൽ ഇക്കുറി രാഹുൽ ഗാന്ധി സ്ഥാനാർഥി ആയതോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആവേശം കത്തിക്കയറിയിരിക്കയാണ്. മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ വോട്ടുകളും, വയനാട്-കോഴിക്കോട് ജില്ലകളിലെ കർഷക-ആദിവാസി വോട്ടുകളും ചേർന്നാൽ ഭൂരിപക്ഷം 2009ന്റെ ഇരട്ടിയാകുമെന്ന ആത്മവിശ്വാസത്തിലാണ് കെപിസിസി നേതൃത്വവും എഐസിസി നിരീക്ഷകരും.
മലപ്പുറം ജില്ലയിലെ ഏറനാട് അടക്കം മൂന്നു മണ്ഡലങ്ങളിൽനിന്നു മാത്രം രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷവും, മറ്റ് നാല് അസംബ്ലി നിയോജക മണ്ഡലങ്ങളിൽനിന്നായി കുറഞ്ഞത് രണ്ടുലക്ഷത്തിൽതാഴെ ഭൂരിപക്ഷവും ഉണ്ടാവുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മണ്ഡലത്തിലെ മീഡിയ കൺവീനറുമായ കെ.പി. അനിൽകുമാർ ദീപികയോടു പറഞ്ഞു.
ഏപ്രിൽ നാലിന് കൽപ്പറ്റയിലെത്തിയ രാഹുലിനെയും സഹോദരി പ്രിയങ്ക ഗാന്ധിയേയും വരവേൽക്കാൻ രണ്ടുലക്ഷത്തോളംപേർ ഒഴുകിയെത്തിയതും, ശനിയാഴ്ച വയനാട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ പ്രിയങ്കാ ഗാന്ധിയെ കാണാനെത്തിയവരുടെ ആവേശവും ഇതിനു തെളിവായി യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുന്നതിന് ഇടതുനേതൃത്വവും സജീവമായി രംഗത്തുണ്ട്.