തൃശൂർ: രാഹുൽഗാന്ധിക്കു പകരം വയനാട് ലോക്സഭ സീറ്റിൽ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്പോൾ ബിജെപി പ്രിയങ്കക്കെതിരെ പത്മജ വേണുഗോപാലിനെ മത്സരരംഗത്തിറക്കുമെന്ന് അഭ്യൂഹം.
എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ വയനാട് ലോക്സഭ തെരഞ്ഞെടുപ്പിലോ പത്മജവേണുഗോപാലിനെ ബിജെപി മത്സരിപ്പിക്കുമെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
വയനാട്, പാലക്കാട് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെയും ബിജെപിക്കുള്ളിൽ അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിൽനിന്ന് ബിജെപിയിലേക്ക് വന്ന പത്മജയ്ക്ക് പാർട്ടി അംഗത്വമല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും ഇതുവരെയും നൽകിയിട്ടില്ല.
കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ഉയർന്ന പദവിയിലേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ലോക്സഭ സമ്മേളനം നടക്കുന്നതിനാൽ അതു കഴിഞ്ഞ ശേഷമേ ഇനി പത്മജയുടെ പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഡൽഹിയിൽനിന്നുള്ള വിവരം.
ഏതായാലും കോണ്‍ഗ്രസിൽനിന്നും ബിജെപിയിലേക്ക് എത്തിയ പത്മജയ്ക്ക് പ്രമുഖമായ ഒരു സ്ഥാനം നൽകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ താൻ അതേക്കുറിച്ചൊന്നും ആവശ്യപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും എല്ലായിടത്തും പ്രവർത്തനത്തിനായി താനുണ്ടാകുമെന്നും പത്മജ പറയുന്നു.