കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിപ്പിക്കാന് യുഡിഎഫ് സ്ഥാനാര്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുല് ഗാന്ധിയും നാളെ വയനാട്ടില് എത്തും. വയനാട്ടിലെ പ്രിയങ്കയുടെ പ്രചാരണം കളറാക്കാൻ എല്ലാ വിധ ഒരുക്കങ്ങളും നടത്തുകയാണ് കോണ്ഗ്രസ്.
സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക. കൽപ്പറ്റയിൽ ഇവർ ഒന്നിച്ചുതന്നെ റോഡ് ഷോയും നടത്തും. ഉച്ചയോടെയായിരിക്കും എത്തുക എന്നാണ് നിലവില് ലഭിച്ചിരിക്കുന്ന വിവരം. റോഡ് ഷോയ്ക്കുശേഷം നാമനിർദേശ പത്രിക സമർപ്പണവുമുണ്ടാകും. അവിടെയും ഇരുവരും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും.
വർഷങ്ങൾക്കുശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചാരണം തുടങ്ങി മുന്നേറുമ്പോൾ ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് ഇന്ന് വയനാട്ടില് എത്തും. ഗംഭീര സ്വീകരണപരിപാടികളാണ് സ്ഥാനാര്ഥിക്ക് വേണ്ടി ബിജെപി ഒരുക്കിയിരിക്കുന്നത്.
ദേശീയ പ്രാധാന്യമുള്ള മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ചുള്ള പ്രചാരണവും നടത്താനാണ് ബിജെപി നീക്കം. പി.കെ. കൃഷ്ണദാസിന്റെ ഉൾപ്പെടെ നേതൃത്വത്തിൽ വലിയ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,41,000 വോട്ട് ബിജെപി പിടിച്ചിരുന്നു. യുവ സ്ഥാനാർഥിയായ നവ്യാ ഹരിദാസിന് പാർട്ടിക്ക് പുറത്തുള്ള വോട്ടും സ്വാധീനിക്കാൻ ആകുമെന്നാണ് കണക്കു കൂട്ടൽ.