തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അനേകരുടെ ജീവിതം ഹോമിച്ച പ്രകൃതി ദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യ ദുരന്തമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
വയനാട് ദുരന്ത ചെലവിനമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തത്.
ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കോവിഡ് മഹാമാരി എന്നിവയുടെ പേരിൽ ജനമധ്യത്തിൽ രക്ഷക പരിവേഷം കെട്ടിയാണ് എൽഡിഎഫ് തുടർ ഭരണം നേടിയത്. ഓഖി ദുരന്ത സഹായമായി കേന്ദ്ര സർക്കാർ നൽകിയ പണം യഥായോഗ്യം വിനിയോഗിച്ചില്ലെന്ന് ലത്തീൻ അതിരൂപത പരാതിപ്പെട്ടിരുന്നു.
പ്രളയത്തിന്റെ പേരിൽ വൻ തുക സമാഹരിച്ചെങ്കിലും പുനർ നിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള എന്ന മിഷൻ അവതാളത്തിലായി. വീടു നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭിച്ചിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കോവിഡ് രോഗ വിവരങ്ങൾ സ്പ്രിൻഗ്ളർ എന്ന വിദേശ കമ്പനിക്ക് വിറ്റതിന്റെ പിന്നിൽ കൊള്ളയാണ് നടന്നത്. പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവ മാനദണ്ഡ രഹിതമായി വാങ്ങിയതിലും വൻ അഴിമതിയുണ്ട്.
ദുരന്തങ്ങളെ കൊയ്ത്താക്കി മാറ്റിയ സർക്കാർ ജനങ്ങളെ വ്യാജ പ്രചാരണങ്ങളിലൂടെ കബളിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.