വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്ക ഗാന്ധി അനേകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയാണ് മടങ്ങിയത്. ഇത്തരത്തില്‍ പ്രിയങ്കയുടെ സ്‌നേഹം ഏറ്റവും നന്നായി അനുഭവിച്ചറിഞ്ഞിരിക്കുകയാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടം നേടിയ ശ്രീധന്യ. ശ്രീധന്യയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ഗാന്ധി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
സിവില്‍ സര്‍വീസ് നേട്ടത്തെ അഭിനന്ദിച്ചതോടൊപ്പം, കുറുമ സമുദായത്തെക്കുറിച്ചും സമുദായത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും പ്രിയങ്ക ചോദിച്ചറിഞ്ഞു. ശ്രീധന്യയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കാനും മറന്നില്ല. സര്‍വീസില്‍ കയറിക്കഴിയുമ്പോള്‍ സാമാനസാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ഉപദേശം നല്‍കുകയും ചെയ്തു.
ശ്രീധന്യയുടേതിനൊപ്പം പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇരുവരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ പ്രിയങ്ക തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അസാമാന്യധൈര്യത്തിന്റെ ഒരു കഥയാണ് ശ്രീധന്യയുടെ ജീവിതമെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. ‘സ്ഥൈര്യത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും ഒരാള്‍ക്ക് ഉയരങ്ങളില്‍ എത്തിച്ചേരാനാകുമെന്നതിന്റെയും കഥയാണ് ശ്രീധന്യയുടെ ജീവിതമെന്നാണ് പ്രിയങ്ക കുറിച്ചത്. ഒരു നല്ല ഭാവി ആശംസിച്ചുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.’
നേതാവായല്ല, വീട്ടിലൊരാളായാണ് പ്രിയങ്കാ ഗാന്ധി എത്തിയതെന്ന് സന്ദര്‍ശനത്തെക്കുറിച്ച് പുല്‍വാമ ആക്രമണത്തില്‍ മരിച്ച വസന്തകുമാറിന്റെ ഭാര്യ ഷീന പറഞ്ഞു. ‘നിങ്ങളുടെ വേദന എനിക്കറിയാം, എന്റെ ജീവിതത്തിലും ഞാനതറിഞ്ഞിട്ടുണ്ട്. വീട്ടുമുറ്റത്തുവെച്ചാണ് മുത്തശ്ശി കൊല്ലപ്പെടുന്നത്, അച്ഛനും കൊല്ലപ്പെട്ടു. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും. എന്താവിശ്യത്തിനും വിളിക്കാന്‍ മറക്കരുത്’. വിളിക്കണമെന്നും പറഞ്ഞ് പ്രിയങ്ക അവരുടെ ഫോണ്‍നമ്പറും ഷീനയ്ക്ക് കൈമാറി.