തിരുവനന്തപുരം: കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പണം 50 വർഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോൾ നടത്തേണ്ട.
അഞ്ച് വർഷം കഴിയുന്പോൾ തന്നെ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികൾക്ക് വരും. അതുകൊണ്ട് ആ കാര്യങ്ങളെ കുറിച്ച് സർക്കാർ വേവലാതിപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നൽകിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇനി കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. വയനാടിനെ രക്ഷിക്കാനുള്ള തുകയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.
നടപ്പ് സാന്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്സ് വായ്പ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. 50 വർഷം കൊണ്ടു തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണിത്.