കിളിമാനൂർ:വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും കൂടെ ചേരുന്നു.
കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടിവി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ കൂട്ടിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെയും സിമിയുടെയും മകളാണ് നവമി. സിപിഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യ കുടുക്ക കൈമാറി. സിപിഐ ജില്ലാ കൗൺസിൽ അംഗം ജി. എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.