കല്പറ്റ: കേരളത്തെ മുഴുവൻ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 155 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ.
11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്.
211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും.
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.
സൈന്യം, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തിക്കും.