കൊച്ചി: വയനാട് ദുരന്തത്തില് ഇരയായവര്ക്കു സര്ക്കാര് നല്കുന്ന സഹായത്തില്നിന്ന് വായ്പാകുടിശിക ഈടാക്കാതിരിക്കുകയെന്നതടക്കമുള്ള നിലപാട് സ്വീകരിക്കാന് ബാങ്കുകള്ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.
വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന് ഇരയായവരുടെ വായ്പാകുടിശിക സഹായധനത്തില്നിന്ന് ഈടാക്കരുതെന്നും ഇക്കാര്യത്തില് സഹകരണ ബാങ്കുകളടക്കമുള്ളവയ്ക്ക് സര്ക്കാര് നിര്ദേശം നല്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
മനുഷ്യത്വപൂര്ണമായ സമീപനമാണ് ഉണ്ടാകേണ്ടതെന്നും കോടതി നിർദേശിച്ചു. സഹായധനത്തില്നിന്നു വായ്പാകുടിശിക ഈടാക്കിയ സംഭവമുണ്ടായോ എന്നറിയിക്കാനും കോടതി നിര്ദേശം നല്കി.
വയനാട് ദുരന്തത്തെത്തുടര്ന്ന്, പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർഎഡ്യുക്കേഷൻ മനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ നൽകിയ പൊതുതാത്പര്യഹർജിയടക്കം പരിഗണിച്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണു കോടതി പരിഗണിച്ചത്.
സഹായധനത്തില്നിന്നു വായ്പാകുടിശിക ഈടാക്കിയതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അഡ്വ. ജോൺസൻ മനയായി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ദുരന്തമുണ്ടായാല് ആദ്യ അഞ്ചു ദിവസം എല്ലാവരും കരയും. പിന്നീട് കാര്യങ്ങള് മാറുകയാണ് പതിവെന്ന് ഹര്ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.
ദുരന്തനിവാരണ അഥോറിറ്റിയില് വിദഗ്ധരുടെ എണ്ണം വര്ധിപ്പിക്കുന്ന കാര്യത്തിലുള്ള തീരുമാനം, വിദഗ്ധരടങ്ങിയ ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ടോ, ദുരന്തനിവാരണത്തിനായി തയാറാക്കിയിരിക്കുന്ന പ്ലാന്, ഇതിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് എന്നിവയുടെ വിശദാംശങ്ങള് സര്ക്കാര് അറിയിക്കണമെന്നും കോടതി നിര്ദേശിച്ചു. ദുരന്തമേഖലയില് താമസിക്കുന്നവരില്നിന്ന് വിവരങ്ങള് ശേഖരിക്കുകയും അടിയന്തര സഹായം ദുരന്തബാധിതരുടെ കൈയില് എത്തിയോ എന്നും അറിയിക്കണം.