തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീട് നിർമിച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സർവകക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
വീടുകൾ ഒരേ രീതിയിലാകും നിർമിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാട് ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടൽകൊണ്ടുകൂടിയാണ്. അത്തരത്തിൽ ദുരന്തമേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനമൊരുക്കും.
പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതു ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണു പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും.
തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്കു തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും താത്പര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും നൽകും. വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെക്കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.
ബാങ്കുകളിൽനിന്നും സ്വകാര്യ മേഖലയിൽനിന്നും കടം എടുത്തവരുണ്ട്. അവ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണു ബാങ്കിംഗ് മേഖല ഇപ്പോഴുള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണസമിതികളിലാണ് ഉണ്ടാകേണ്ടത്.
റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും. സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നതു പൊതുധാരണയ്ക്കെതിരായതിനാൽ ജില്ലാ ഭരണകൂടം ശക്തമായി ഇടപെടും.
പ്രത്യേക പാക്കേജാണു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. നല്ലമനസോടെയാണു മിക്കവരും സ്പോണ്സർഷിപ്പുമായി വരുന്നതെന്നും സ്പോണ്സർമാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്കു കൃഷി ചെയ്യാനുള്ള സൗകര്യവും
തിരുവനന്തപുരം: കർഷകർക്കു കൃഷി ചെയ്യാനുള്ള സൗകര്യവും വയനാട് പുനരധിവാസ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തിൽ അറിയിച്ചു.
സെപ്റ്റംബർ രണ്ടിനു സ്കൂൾ പ്രവേശനോത്സവം നടത്തും. അവിടത്തെ സ്കൂൾ പുനർനിർമിച്ച് നിലനിർത്താനാവുമോയെന്നു വിദഗ്ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കും.
കാലാവസ്ഥാ മുന്നറിയിപ്പു ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ പോലെ ഇപ്പോൾ സംഭവിച്ച കാര്യത്തിൽ വേണ്ടത്ര മുന്നറിയിപ്പുകൾ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ സഹായം അഭ്യർഥിച്ചു. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാന പഠനസ്ഥാപനം ശക്തമാക്കും. വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചു മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാനും തീരുമാനമായി.
യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ടി. സിദ്ദിഖ് എംഎൽഎ, പി.എം.എ. സലാം (മുസ്ലിം ലീഗ്), ജോസ് കെ. മാണി എംപി (കേരള കോണ്ഗ്രസ്-എം), പി.ജെ. ജോസഫ് എംഎൽഎ (കേരള കോണ്ഗ്രസ്), മാത്യു ടി. തോമസ് എംഎൽഎ(ജനതാദൾ- എസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ. വേണു (ആർഎംപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോണ്ഗ്രസ് -എസ്), ഡോ. വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), പി.സി. ജോസഫ് (ജനാധിപത്യ കേരള കോണ്ഗ്രസ്), കെ. ജി. പ്രേംജിത്ത് (കേരള കോണ്ഗ്രസ്-ബി), അഡ്വ. ഷാജി. എസ്. പണിക്കർ (ആർഎസ്പി-ലെനിനിസ്റ്റ്), മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു എന്നിവർ പങ്കെടുത്തു.