കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള വീടുകളുടെ നിർമാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി വിലയിരുത്തി.
ആളുകള്‍ക്ക് പരാതികളും പ്രശ്നങ്ങളും അറിയിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഹെല്പ് ഡെസ്ക് തുടങ്ങണമെന്നും നിർദേ ശിച്ചു. ആശുപത്രി ബിൽ നേരിട്ടു നല്‍കണം. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ നിശ്ചിത തുക ഏല്‍പ്പിക്കാതെ ചികിത്സച്ചെലവ് പൂര്‍ണമായും ആശുപത്രികള്‍ക്കു സര്‍ക്കാര്‍ കൈമാറണം. മറിച്ചായാല്‍ അധികം വേണ്ടിവരുന്ന തുക വ്യക്തികള്‍ വഹിക്കേണ്ടിവരും. അത്തരമൊരു സാഹചര്യം ഉണ്ടാകരുത്. പുനര്‍നിർമാണ പദ്ധതികളുടെ വിവരങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണം.
ബാങ്കുകള്‍ പരിധി വിട്ടാല്‍ അറിയിക്കണം. ദുരന്തബാധിതരോടു വിട്ടുവീഴ്ച ചെയ്യുന്നതില്‍ എല്ലാ ബാങ്കുകള്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഏതു ബാങ്കായാലും പരമോന്നതമായ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്.
ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാം. ബാങ്കുകള്‍ ഇഎംഐ ഈടാക്കിയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം. ക്യാമ്പില്‍നിന്ന് ആരെങ്കിലും മാറിയെങ്കില്‍ എത്രപേര്‍ മാറിയെന്നതു സംബന്ധിച്ച വിവരങ്ങള്‍ അടുത്തയാഴ്ച നല്‍കണമെന്നും കോടതി പറഞ്ഞു.
പരിസ്ഥിതിലോല മേഖലകളിലെ നിർമാണപ്രവര്‍ത്തനങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ടൗണ്‍ഷിപ്പുകള്‍ക്ക് എതിരായ സാഹചര്യത്തിലാണിത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം എന്തായെന്ന് അറിയിക്കണം.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് 300 രൂപവീതം നല്‍കുന്നത് എത്രനാള്‍ തുടരും? കോടതി ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ഹാജരാക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ ഹാജരാകുകയോ വേണമെന്നും കോടതി നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.