കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ആനടികാപ്പിൽ ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തി ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ് എയര്‍ലിഫ്റ്റ് ചെയ്തത്.
അധികൃതര്‍ മൃതദേഹങ്ങള്‍ മാറ്റാന്‍ കാണിച്ച അനാസ്ഥയ്ക്കെതിരേ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തെരച്ചില്‍ ഇന്ന് നിര്‍ത്തിവച്ചിട്ടും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ നടപടിയുണ്ടായത്.
കാന്തന്പാറയ്ക്കുംസൂചിപ്പാറയ്ക്കും ഇടയിലുള്ള ആനടികാപ്പിലാണ് മൂന്നു മൃതദേഹങ്ങളും പകുതി മാത്രമുള്ള മറ്റൊരു ശരീരവും ഇന്നലെ രാവിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ദുര്‍ഘടം നിറഞ്ഞ മേഖലയില്‍നിന്ന് ഇന്നുരാവിലെ നാവിക സേനയാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്.
ബത്തേരിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ശരീരഭാഗം എയര്‍ലിഫ്റ്റ് ചെയ്തില്ല. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം തെരച്ചിലിനെത്തിയ മേപ്പാടി സ്വദേശികളായ വോളണ്ടിയര്‍മാരും ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകരുമാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടത്.
എന്നാൽ, സന്നദ്ധപ്രവര്‍ത്തകരെ ഇന്നത്തെ ദൗത്യത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ബത്തേരിയിഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടയുടന്‍ സന്നദ്ധപ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചിരുന്നു. ഹെലികോപ്റ്റര്‍ എത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ കാട്ടില്‍ കാത്തിരുന്നു.
പതിനൊന്നിന് ഹെലികോപ്റ്റര്‍ എത്തിയെങ്കിലും മൂന്ന് കവറുകളും കൈയുറകളും മാത്രമാണ് ഉണ്ടായിരുന്നത്. അഴുകിയ മൃതദേഹങ്ങള്‍ ഇതില്‍ പൊതിഞ്ഞുകെട്ടാന്‍ കഴിയുമായിരുന്നില്ല. പിപിഇ കിറ്റ് ആവശ്യപ്പെട്ടെങ്കിലും അതു ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്നലെ മൃതദേഹം മാറ്റുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു.