കോഴിക്കോട്: 2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻ പ്രളയത്തെ തുടർന്നു ദുരന്തനിവാരണ അഥോറിറ്റി (ഡിഎംഎ) ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. അത് അവഗണിച്ചതാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം.
വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) തയാറാക്കിയ ‘’ഡിസാസ്റ്റർ മാനേജ്മെന്റ്-പ്ലാൻ 2019’ ൽ മുണ്ടക്കൈയിൽ അതീവശ്രദ്ധ വേണമെന്നും മുൻകരുതൽ നടപടികൾ വേണമെന്നുമാണ് നിർദേശിച്ചത്. പ്രകൃതിദുരന്തം ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നതടക്കമുള്ള ശിപാർശകൾ ഗൗരവത്തിലെടുക്കാത്തതിന്റെ പരിണത ഫലമാണ് മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
മേപ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളരിമല വില്ലേജ് പൂർണമായും അതിതീവ്ര ഉരുൾപൊട്ടലിനു സാധ്യതയുള്ള ഹൈറിസ്ക്ക് ഏരിയയാണെന്നും അതിൽതന്നെ മുണ്ടക്കൈ, പുത്തുമല, വെള്ളരിമല, ഹോപ് എസ്റ്റേറ്റ് വന മേഖല എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്.
പ്രതിരോധ നടപടികളുടെ ഭാഗമായി ജിയോ മോർഫോളജിക്കൽ പഠനം നടത്തണമെന്നും അതുവഴി പ്രകൃതി ദുരന്തത്തിനുള്ള കാരണങ്ങളും പ്രഭവസ്ഥാനങ്ങളും കണ്ടെത്തണമെന്നുമായിരുന്നു റിപ്പോർട്ടിലെ മറ്റൊരു ശിപാർശ. ദുരന്തസാധ്യതാ പ്രദേശങ്ങളിൽ പ്ലാൻ ബി തയാറാക്കണം. ഇത്തരം മേഖലകളിൽ ബദൽ ഗതാഗത സംവിധാനം ഒരുക്കമെന്ന ശിപാർശയും കണ്ടില്ലെന്നു നടിച്ചതിന്റെ ദുരിതമാണിപ്പോൾ ചൂരൽമലയും മുണ്ടക്കൈയും അഭിമുഖീകരിക്കുന്നത്.
വയനാട്ടിലെ മൂപ്പനാട്, അച്ചൂരാനം, കുന്നത്തിടവക, പൊഴുതന, ചുണ്ടേൽ, കോട്ടപ്പടി, വെള്ളരിമല, തൃക്കൈപ്പറ്റ വില്ലേജുകളുടെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും ഉരുൾപൊട്ടലിന് അതീവ സാധ്യതയുണ്ടെന്നാണ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിൽ വ്യക്തമാക്കുന്നത്.
ദുരന്ത സാധ്യത കുടുതലുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി ആ മേഖലയുടെ സ്വാഭാവിക ഘടനയ്ക്കു മാറ്റംവരുത്തുന്ന നടപടികൾ തടയുക. കെട്ടിട നിർമാണം, ക്വാറി പ്രവർത്തനം തുടങ്ങിയ പ്രവർത്തികൾ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുക.
മറ്റു ചിലശിപാർശകൾ: ദുരന്ത സാധ്യത കുടുതലുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി ആ മേഖലയുടെ സ്വാഭാവിക ഘടനയ്ക്കു മാറ്റംവരുത്തുന്ന നടപടികൾ തടയുക. കെട്ടിട നിർമാണം, ക്വാറി പ്രവർത്തനം തുടങ്ങിയ പ്രവൃത്തികൾ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുക.
ഓരോ പ്രദേശത്തും പെട്ടന്നു ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുംവിധമുള്ള റെസ്ക്യൂ ഷെൽട്ടർ സ്ഥാപിക്കുക.
ഓരോ ദുരന്തസാധ്യതാ മേഖലയിലും വില്ലേജുതല ഡിസാസ്റ്റർ റെസ്പോണ്സ് ഫോഴ്സ് രൂപീകരിക്കുക. അതിലെ അംഗങ്ങൾക്ക് ദുരന്ത സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള പ്രത്യേക പരിശീലനം നൽകുക. പരിസ്ഥിതി സൗഹൃദവും പ്രകൃതി ദുരന്തങ്ങൾ ചെറുക്കാൻ ശേഷിയുള്ളതുമായ നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കുക.