മേപ്പാടി: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് അലമുറയിട്ട് ഓടിവരുന്ന ജനങ്ങൾ. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ എന്നാണ് അവർ തേടുന്നത്.ആംബുലൻസിൽനിന്നിറങ്ങിയ രക്ഷാപ്രവർത്തകൻ മാറോടു ചേർത്തു പിടിച്ചുകൊണ്ടുവരുന്ന വെള്ളത്തുണിക്കെട്ടു കണ്ട് ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകൾ ഓടിയെത്തുന്നു…
കുഞ്ഞുങ്ങളെ നഷ്ടമായ സ്ത്രീകൾ…കൊണ്ടുവന്ന വെള്ളത്തുണിക്കെട്ട് തെല്ലൊന്നു മാറ്റിയപ്പോൾ തല മരവിക്കുന്ന കാഴ്ച, ഒരു മനുഷ്യന്റെ കാലുമാത്രം! മറ്റു ശരീരഭാഗങ്ങൾ എവിടെ? ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ് പ്രവർത്തിക്കുന്നില്ല.
അവർ മണ്ണിനടിയിലാണോ? എല്ലാ മുഖങ്ങളിലും ആധി മാത്രം. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ്. കൈയില്ല, കാലില്ല, മുഖവും ശരീരവും തിരിച്ചറിയാൻ കഴിയാത്തവ. ഉരുൾപൊട്ടലിൽ അകപ്പെട്ടു പാറക്കൂട്ടങ്ങളിൽ തട്ടിയും മുട്ടിയും ഇടിച്ചും ഇഞ്ചോടിഞ്ചു ചതഞ്ഞ ജീവനറ്റ ദേഹങ്ങൾ.
പല മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. തിരിച്ചറിയാൻ ഇനി ഡിഎൻഎ പരിശോധന നടത്തേണ്ടി വരും. രക്ഷപ്പെട്ട പലർക്കുമുള്ള പരിക്കുകൾ മാരകമാണ്. പലരുടെയും മുഖം വികൃതമായിരുന്നു. പാറക്കൂട്ടങ്ങളിലും മരങ്ങളിലുമിടിച്ചു കിലോമീറ്ററുകൾ ഒഴുകിപ്പോയതിനിടയിൽ സംഭവിച്ചവ.
മേപ്പാടിയിലെ ആശുപത്രികളുടെ മോർച്ചറികൾ നിറഞ്ഞതിനാൽ പുറത്തു വലിയ ഷീറ്റുകൾ വലിച്ചുകെട്ടി അതിനു താഴെ ഡെസ്ക് നിരത്തി കിടത്തിയിരുന്ന മൃതശരീരങ്ങൾ ഇന്നലെ രാവിലെതന്നെ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഉറ്റവരെയും ഉടയവരേയും തെരഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിനടക്കുന്ന ബന്ധുക്കളുടെ വിലാപങ്ങളിൽ ആശുപത്രികൾ വിറങ്ങലിച്ചു നിന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നൂറുകണക്കിനു പേർ. ദുഃഖം തളംകെട്ടിയ മുഖങ്ങൾ. എന്തെങ്കിലുമൊന്നു ചോദിച്ചാൽ സങ്കടം വാക്കുകളെ വിഴുങ്ങും. അലമുറയിട്ടു കരച്ചിൽ. ദുരിതാശ്വാസ ക്യാന്പുകളിൽ ആശ്വാസ വാക്കുകളുമായി മന്ത്രിമാരും ജനപ്രതിനിധികളും മറ്റും എത്തുന്നുണ്ടെങ്കിലും ഉറ്റവരെയോർത്ത് ഒരിറ്റു വെള്ളം പോലുമിറക്കാനാവാത്ത അവസ്ഥയിലാണ് പലരും.