ഈരാറ്റുപേട്ട: കളക്ഷൻ തുക വയനാട്ടിലെ ദുരിതബാധിതർക്കു മാറ്റിവച്ച് ബസ് ഉടമകൾ. കാഞ്ഞിരപള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ബസുകളുടെ ഉടമകളാണ് ഇന്നലത്തെ സർവീസിലൂടെ കിട്ടിയ തുക ദുരന്തബാധിതർക്കു നൽകുന്നത്.
ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. 500 രൂപ നൽകിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാർ പങ്കിട്ടു.
ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാർഥികളും ചേർന്നു. എംഇഎസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ബസിലെ കളക്ഷൻ വിജയിപ്പിക്കുന്നതിനു സഹകരിച്ചു.
സലിം വെളിയത്ത്, ഷെമീർ, നെസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.