തിരുവനന്തപുരം: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
215 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 87 സ്ത്രീകള്‍, 98 പുരുഷന്മാര്, 30 കുട്ടികളുമാണ്. 148 മൃതദേഹങ്ങള്‍ കൈമാറി, ഇനി 206 പേരെ കണ്ടെത്തണം. 81 പേര് പരുക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. 67 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ സര്‍വമത പ്രാര്‍ഥനയോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ചുമതല കൈകാര്യം ചെയ്യന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. ധനസെക്രട്ടറിയുടെ കീഴിലാകും ഉദ്യോഗസ്ഥൻ. ദുരുപയോഗം തടയാന്‍ ക്യു ആര് കോഡ് സംവിധാനം പിന്‍വലിക്കുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.