കല്‍പ്പറ്റ: മണ്ണില്‍ മറഞ്ഞവർക്കായുള്ള തെരച്ചിലിൽ മടുപ്പില്ലാതെ സേനാംഗങ്ങളിൽപ്പെട്ട രക്ഷാപ്രവർത്തകർ. മുണ്ടക്കൈ ടോപ്പിൽ ജീവന്റെ തുടിപ്പുണ്ടെന്ന നിഗമനത്തിൽ ഇന്നലെ രാത്രി ഒമ്പതുവരെയും സേനാംഗങ്ങൾ ജീവൻ പണയപ്പെടുത്തി തെരച്ചിൽ നടത്തി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തെര്‍മല്‍ ഇമേജ് റഡാറിൽ മണ്ണിനടിയില്‍നിന്നുള്ള ശ്വസന സിഗ്നല്‍ ലഭിച്ചത്.
മൂന്ന് മീറ്റര്‍ താഴ്ചയില്‍ വീടിന്റെ അടുക്കള ഭാഗത്തുനിന്നായിരുന്നു സിഗ്നൽ. ഇത് മനുഷ്യജീവന്റേതാണെന്ന സംശയത്തിലായിരുന്നു പരിശോധന. ആഴത്തില്‍ കുഴിച്ചുള്ള പരിശോധന രാത്രി ഒന്പതുവരെ നീണ്ടെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പരിശോധന അവസാനിപ്പിച്ചു.
ഇന്നലത്തെ തെരച്ചില്‍ നിര്‍ത്തിവച്ച് സൈന്യം മടങ്ങിയതിനു പിന്നാലെയാണ് റഡാറില്‍ സിഗ്നല്‍ ലഭിച്ചത്. ഇതേക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സേനാംഗങ്ങളെ തിരിച്ചെത്തിച്ചായിരുന്നു സിഗ്നല്‍ ലഭിച്ച ഭാഗം യന്ത്രസഹായത്തോടെ ആഴത്തില്‍ കുഴിച്ചുള്ള പരിശോധന.
മുണ്ടക്കൈയിലും ചൂരല്‍മലയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെയില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സൈനിക ഉദ്യോഗസ്ഥന് അറിയിച്ചത്. ഇതിനുശേഷമാണ് മുണ്ടക്കൈയില്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ചത്.
ഇതോടെ മനുഷ്യനെയോ മൃഗത്തെയോ ഉരഗത്തെയോ ഉഭയജീവിയെയോ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ സൈനികരിലടക്കം ജനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആംബുലന്‍സ് സഹിതം മെഡിക്കല്‍ സംഘത്തെ സ്ഥലത്തെത്തിച്ചു പരിശോധന നട ത്തിയത്.
ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ ആറ് മേഖലകളായി തിരിച്ച് നടത്തിയ പരിശോധനയില്‍ ഇന്നലെ വൈകുന്നേരം വരെ 11 മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം ഭാഗത്തുനിന്നു മൂന്ന് മൃതദേഹം ലഭിച്ചു.
വെള്ളാര്‍മല സ്കൂള്‍ ഭാഗത്തു മാത്രം എട്ട് മൃതദേഹമാണ് കണ്ടെത്തിയത്. ചൂരല്മലയ്ക്കടുത്ത് പടവെട്ടിക്കുന്നില്നിന്നു സ്ത്രീകൾ ഉള്‍പ്പെടെ നാലു പേരെ സൈന്യം പുറത്തെത്തിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന നിര്‍ദേശം അവഗണിച്ച് വസതിയില്‍ തുടരുകയായിരുന്നു ഇവർ.
40 സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ. തദ്ദേശീയരായ മൂന്നു പേരും സ്ഥലപരിചയമുള്ള ഒരു വനം ജീവനക്കാരനും ഉള്‍പ്പെടുന്നതായിരുന്നു ഓരോ സംഘവും. ആഴമുള്ള സ്ഥലങ്ങളില്‍ മൃതദേഹം കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച ആറ് കെഡാ വർ നായ്ക്കളെ തെരച്ചിലിന് ഉപയോഗപ്പെടുത്തി.
ഉരുള്‍വെള്ളം പരന്നൊഴുകിയ പ്രദേശത്ത് കല്ലും മണ്ണും മരക്കഷണങ്ങളും നീക്കിയും മണ്ണില്‍ പുതഞ്ഞ നിലയില്‍ കാണുന്ന നിര്‍മിതികള്‍ യന്ത്രസഹായത്തോടെ പൊളിച്ചുമായിരുന്നു പരിശോധന. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനു ദുരന്ത മേഖലയില്‍ ഉണ്ടായിരുന്നത്.
രണ്ട് ഹെലികോപ്റ്ററും എട്ട് ഡ്രോണും ആകാശനിരീക്ഷണത്തിന് ഉപയോഗപ്പെടുത്തി.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണക്കിലെടുത്താൽ മരിച്ചവർ 314 പേരെങ്കിലുമുണ്ടെന്നു കണക്കാക്കാം. 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടും.
146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 134 ശരീരഭാഗങ്ങാണ് ദുരന്തഭൂമിയില്‍നിന്നു കണ്ടെടുത്തത്. 207 മൃതദേഹങ്ങളുടെയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടത്തി. 62 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 27 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആകെ 119 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. 87 ശരീരഭാഗങ്ങളും കൈമാറി. മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നതില്‍ 29 കുട്ടികള്‍ അടക്കം ഇരുനൂറോളം പേരെ കണ്ടെത്താനുണ്ട്.