നാടിനെ ഞെട്ടിച്ചവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർത്തകൾ കണ്ട് ഞെട്ടുകയാണ് ഓരോ മനുഷ്യരും. ഇതിനിടെ ദുരന്തവാർത്തകൾ കണ്ട് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളും എഴുതിയ ഒരു കൊച്ചുമിടുക്കന്റെ ഡയറിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദി മുഹമ്മദ്. എ. എസ്. തന്റെ സംയുക്ത ഡയറിയിൽ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നുവെന്നും ഇന്ത്യന്‍ ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ എനിക്ക് ആര്‍മിയില്‍ ചേരാനും ഹെലികോപ്ടറില്‍ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞുവെന്നുമാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. ഡയറി കുറിപ്പ് പങ്കുവച്ചതോടെ നിരവധിയാളുകളാണ് ആദി മുഹമ്മദിന് ആശംസകളുമായെത്തുന്നത്.
ഡയറി കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നു. ഞാനും ഉമ്മയും ഫോണിലൂടെ വാര്‍ത്ത കണ്ടു. ഒരുപാട് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അച്ഛനെയും അമ്മയെയും നഷ്ടമായി. കുറേ പേര് മരിച്ചുപോയി. വളരെ സങ്കടമായി. മലമുകളില്‍ നിന്ന് മണ്ണും മരങ്ങളും പാറക്കഷണങ്ങളും കുത്തിയൊലിച്ച് വീടുകള്‍ നഷ്ടപ്പെട്ട വീഡിയോ കാണുമ്പോള്‍ എനിക്ക് ഒരുപാട് വിഷമമായി. ഇതെല്ലാം മാറട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. എനിക്ക് ഉമ്മ ദുരിതാശ്വാസ ക്യാമ്പിനെ കുറിച്ച് പറഞ്ഞുതന്നു. ഇന്ത്യന്‍ ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ എനിക്ക് ആര്‍മിയില്‍ ചേരാനും ഹെലികോപ്ടറില്‍ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞു.