തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസക്യാന്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ ഹെൽപ്പ് ഡെസ്കുകൾ മുഖേന ടീം അംഗങ്ങൾ സേവനം ഉറപ്പാക്കും.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് സേവനത്തിന് അനുവാദമുള്ളത്.
ഇതിനായി സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗണ്‍സിലർമാർ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ദുരന്തബാധിതരെ കേൾക്കുകയും’ അവർക്ക് ആശ്വാസം നൽകുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകൾ ഊർജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം.
ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നൽകും. മദ്യം, ലഹരി ഉപയോഗത്തിന്റെ ’വിത്ത്ഡ്രോവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നൽകുന്നുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റസ്ക്യൂ മിഷൻ പ്രവർത്തകർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ടീം ഉറപ്പാക്കുന്നുണ്ട്.
കൂടാതെ ‘ടെലി മനസ്സ്’ 14416 എന്ന ടോൾ ഫ്രീ നന്പറിൽ മാനസിക പ്രശ്നങ്ങൾ, വിഷമങ്ങൾ, സംശയ നിവാരണങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂർ സേവനവും ലഭ്യമാണ്.