കൊച്ചി: “വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി.
അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്’- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്.
ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ദുരന്തത്തില്‍ അമ്മമാരെ നഷ്ടമായിരിക്കാം. അതുകൊണ്ടുതന്നെയാണ് തൃശൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറിന് രശ്മി ആ സന്ദേശം അയച്ചത്. “വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടമായ ആറു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ എന്റെ ലീവ് തീരും വരെ നോക്കിക്കൊള്ളാം’ എന്നായിരുന്നു സന്ദേശം.
രശ്മിക്ക് സെപ്റ്റംബര്‍ ആറു വരെ പ്രസവാവധിയുണ്ട്. അതിനുശേഷം ശിശു സംരക്ഷണത്തിനുള്ള ലീവും ലഭിക്കും. അതുകൊണ്ടുതന്നെയാണ് ഒറ്റ ദിവസം കൊണ്ട് അനാഥമായി പോയ പിഞ്ചു കുഞ്ഞ് ഉണ്ടെങ്കില്‍ പോറ്റമ്മയാകാന്‍ തയാറായതും. അടുത്തിടെ അമ്മയെ നഷ്ടമായ തനിക്ക് അമ്മയില്ലാത്ത സങ്കടം നന്നായി മനസിലാകുമെന്നും ഇവര്‍ പറയുന്നു. 2017ല്‍ പോലീസ് സേനയുടെ ഭാഗമായ രശ്മിക്ക് 11 വയസുകാരനായ അക്ഷയ് എന്ന മകന് കൂടിയുണ്ട്.
സീമ മോഹന്‍ലാല്‍