കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. മുണ്ടക്കൈ നിന്ന് ഏറ്റവും ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആർത്തലച്ച് പെയ്യുന്ന മഴയിൽ ജീവന്റെ രക്ഷയ്ക്കായി കേഴുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുത്തി ഒലിച്ചു വരുന്ന വെള്ളത്തോടൊപ്പം ചെളിയും അടിഞ്ഞ് കൂടുന്നതിനാൽ അദ്ദേഹത്തിന് രക്ഷപെടാൻ ബുദ്ധിമുട്ടാണ്.
ചെളിയിൽ കിടന്ന് അദ്ദേഹം രക്ഷയ്ക്കായ് കേഴുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തെ രക്ഷപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്
അതേസമയം, മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി.
അതേസമയം, അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്