ഉരുൾജല പ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോണ് കോൾ മുതൽ രാപകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന അഗ്നിരക്ഷാ സേന.
കേന്ദ്രസേനകളും മറ്റു രക്ഷാസംഘങ്ങളും എത്തുന്നതിനും മുമ്പേ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ദുരിതബാധിതരിലേക്ക് രക്ഷയുടെ കരങ്ങളെത്തിക്കുകയായിരുന്നു അഗ്നി രക്ഷാ സേനാംഗങ്ങൾ.സേനയിലെ 600 പേരാണ് ദുരന്തമുഖത്ത് ഏഴാം ദിവസവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
കൊച്ചിയിൽ നിന്നെത്തിയ സ്കൂബ ഡൈവിംഗ് വിംഗിലെ അറുപത് പേരടങ്ങിയ സംഘവും രക്ഷാപ്രവർത്തനത്തിന്റെ തുടക്കം മുതൽ ഇവിടെ സജീവം.
പ്രളയസമാനമായി വെള്ളം ഉയർന്ന ചൂരൽമലയിലെ കുത്തൊഴുക്കുകളെ മറികടന്ന് മുണ്ടക്കൈയിലേക്കെത്തിയ സ്കൂബ ടീം കരയിലും ഒരു പോലെ പ്രവർത്തിച്ചു. വീടുകൾക്കുള്ളിൽ കുടങ്ങിയവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിൽ അഗ്നിരക്ഷാ സേന കൂടുതലായി എത്തിയതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി.
ഇതിനു തുടർച്ചയായി ദുരന്തമുഖങ്ങളിൽ കൂടുതൽ പരിശീലനം ലഭിച്ച ഫയർ റെസ്ക്യു സ്പെഷൽ ടാസ്ക് ഫോഴ്സ്, റോപ് റെസ്ക്യു ടീം, സിവിൽ ഡിഫൻസ് ടീം, ആപ്താ റെസ്ക്യു വോളണ്ടിയേഴ്സ് എന്നിവരും രംഗത്തെത്തി. റീജണൽ ഫയർ ഓഫീസർമാരായ പി. രജീഷ്, അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ തന്നെ ഈ മേഖലയിൽനിന്നു കൽപ്പറ്റയിലെ ഫയർഫോഴ്സ് ഓഫീസിലേക്ക് പ്രദേശവാസിയുടെ വിളി എത്തി. കനത്ത മഴയെ അവഗണിച്ച് 15 അംഗ സംഘം ചൂരൽമലയിലേക്കു കുതിച്ചു.
മേപ്പാടി പോളിടെക്നിക് കോളജിന് സമീപം വഴിയിൽ വീണു കിടന്ന മരം മുറിച്ചു മാറ്റി വഴിയൊരുക്കിയാണ് സംഘം യാത്ര തുടർന്നത്. മുണ്ടക്കൈയിലേക്കുള്ള പാലം കടക്കാൻ ശ്രമിച്ചതോടെ പാലം തകർന്നുവീഴുന്നതായി നാട്ടുകാർ പറഞ്ഞു.
അതിന് പിന്നാലെയാണ് വലിയ ശബ്ദത്തോടെ ചൂരൽമലയെയും ഉരുൾ വിഴുങ്ങുന്നത്. ഉയരത്തിലുള്ള തോട്ടത്തിലേക്ക് ഓടിക്കയറിയാണ് ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കിയത്. പിന്നീടുള്ള ഭയാനകമായ കാഴ്ചകൾക്കും സേനാംഗങ്ങൾ സാക്ഷികളായി.