കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെടാൻ പ്രാണനും കൊണ്ട് കാട്ടിലേക്ക് ഓടിയതാണ് സുജാതയും കുടുംബവും. പക്ഷേ ചെന്ന്പെട്ടത് കാട്ടാനാക്കൂട്ടത്തിന് നടുവിൽ. ഒരു മഹാ ദുരന്തത്തിൽ നിന്ന് മറ്റൊരു വിപത്തിലേക്ക്.
ആന പോലും അവരെ കണ്ട് കണ്ണീർ വാർത്തു. ഒരു മുത്തശ്ശി കഥയാണ് പറയുന്നതെന്ന് ഒരു വേളയെങ്കിലും ഓർത്തു പോകും. എന്നാൽ ദുരന്തമുഖത്ത് സുജാതയും കുടുംബവും നേരിട്ട് അനുഭവിച്ച അനുഭവ കഥയാണ് ഇത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്നുകൊണ്ട് മുണ്ടക്കൈ സ്വദേശിനി സുജാത അന്നത്തെ ദിവസം ഓർത്തെടുക്കുന്നത് ഇങ്ങനെ.
‘ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു.
ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെ’ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു. രണ്ട് മണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന്‍ ജീപ്പ് എത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടില്‍ ഇരിക്കുകയായിരുന്നു. കാട്ടില്‍ തങ്ങള്‍ക്കൊപ്പം ആകെ 50 പേര് ഉണ്ടായിരുന്നെന്നും സുജാത പറഞ്ഞു.