കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മാസ് എന്‍ട്രിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പോരാട്ടത്തിനെത്തുന്നതോടെ ദേശീയരാഷ്ട്രീയത്തിലും അതിന്റെ ചലനമുണ്ടാകും.
രാഹുല്‍ ഗാന്ധിയെപോലൊരു നേതാവിനെതിരേ തങ്ങള്‍ക്കു വലിയ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷനെതന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ഇതോടെ വായനാട് ലോക്സഭാമണ്ഡലം കൂടുതൽ ദേശീയശ്രദ്ധപിടിച്ചുപറ്റുകയാണ്.
മറ്റുപാര്ട്ടികളില്നിന്നു ബിജെപിയില്‍ എത്തിയ പ്രമുഖരിൽ ഒരാളെ വയനാട്ടിലിറക്കാനായിരുന്നു ബിജെപി തുടക്കത്തി ൽ ശ്രമിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കാന്‍ നേതൃത്വം ആലോചിച്ചെങ്കിലും പത്മജ താത്പര്യം കാണിച്ചില്ല.
രാഹുല്‍ ഗാന്ധിക്കെതിരേ കെ. കരുണാകരന്റെ മകള്‍ എന്ന പ്രചാരണത്തിലൂടെ വലിയരാഷ്ട്രീയ നേട്ടമായിരുന്നു ബിജെപി ലക്ഷ്യം വച്ചിരുന്നത്.അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെയാണ് സംസ്ഥാന അധ്യക്ഷനോടുതന്നെ രംഗത്തിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. അതോടെ താത്പര്യമില്ലാതിരുന്നിട്ടും സുരേന്ദ്രന് അവസാനം വയനാട്ടിലിറങ്ങാന് തീരുമാനിക്കുകയായിരുന്നു.
2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ റിക്കാർഡുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ച മണ്ഡലത്തില്‍ അടിയുറച്ച യുഡിഎഫ് വോട്ടുകളാണുള്ളത്. എന്ഡിഎയ്ക്ക്കഴിഞ്ഞ തവണ നേടാനായത് 7.25 ശതമാനം വോട്ട് മാത്രമാണ്.
2019ല്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം ദേശീയ ശ്രദ്ധയിലെത്തിയത്. സിപിഐയിലെ പി.പി. സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു. 80.37 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കണ്ടത്.
രാഹുല്‍ 706,367 (64.94%) ഉം, സുനീര്‍ 274,597 (25.24%) ഉം, തുഷാര്‍ 78,816 (7.25%) ഉം വോട്ടുകള്‍ നേടി.ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെയാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
സ്വന്തം ലേഖകന്‍