വയനാട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് സഹപാഠികളില്‍നിന്ന് പീഡനമേറ്റതായി റിപ്പോര്‍ട്ട്. മെക്കാനിക്കല്‍ വിഭാഗത്തില്‍ പഠിക്കുന്ന ഒരേയൊരു പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സഹപാഠികള്‍ ക്ലാസ് റൂമിനകത്തുവച്ചു പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ അച്ഛന് ഒരു പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാര്ഥികള്ക്കെതിരേ ലൈംഗികചൂഷണത്തിനും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തു. തലപ്പുഴ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയടുത്ത് കേസ് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡിനു കൈമാറി. സ്ക്വാഡ് ഡിവൈ.എസ്.പി. അവധിയിലായതിനാല്‍ മാനന്തവാടി എ.എസ്.പിയാണു കേസ് അന്വേഷിക്കുന്നത്.
ക്ലാസില്‍ അധ്യാപകര്‍ ഇല്ലാതിരുന്ന സമയത്ത് സഹപാഠികളായ ആണ്‍കുട്ടികള്‍ ആശ്ലീലചിത്രപ്രദര്ശനം നടത്തിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ലൈംഗികചേഷ്ടകള്‍ കാണിക്കുക, ദേഹത്തു സ്പര്‍ശിക്കുക, ലൈംഗികചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ ദുരനുഭവങ്ങളും സഹപാഠികളില്നിന്നുണ്ടായതായി വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടി പറയുന്നു. നവംബര്‍ മൂന്നിന് ഉച്ചയ്ക്കു ചില സഹപാഠികള്‍ ക്ലാസ് മുറിയിലെത്തി ഉപദ്രവിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി ക്ലാസ് ചുമതലയുള്ള അധ്യാപകനെ സമീപിച്ച് കാര്യം പറഞ്ഞു.
ഇതേത്തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള ഒരു ആണ്‍കുട്ടിയുടെ രക്ഷിതാവിനെ അധ്യാപകന് ഫോണില്‍ വിവരമറിയിച്ചു. പരാതിക്കാരിക്കു പ്രതിയുടെ രക്ഷിതാവുമായി സംസാരിക്കാന്‍ ഫോണ്‍ കൈമാറിയതായും ആക്ഷേപമുണ്ട്. കോളജിലെ വനിതാ സെല്‍ പെണ്കുട്ടിയില്നിന്നും ഹോസ്റ്റലില്‍ ഒപ്പമുള്ള സഹപാഠികളില്‍നിന്നും മൊഴിയെടുത്തു. ക്ലാസിലെ ഉപദ്രവം പെണ്‍കുട്ടി തങ്ങളോടു പറഞ്ഞിരുന്നതായി ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. മലയരയ സമുദായാംഗമായ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി.