കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില് പോളിംഗ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് മുന്നണികള്ക്ക് ആശങ്ക. രാഹുല് ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്ന് പ്രിയങ്കയ്ക്ക് അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. തങ്ങളുടെ വോട്ടുകള് കുറയില്ലെന്ന നിലപാടിലാണ് മൂന്നു മുന്നണികളും.
64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ് ശതമാനം. ഏപ്രിലില് നടന്ന തെരഞ്ഞെടുപ്പില് വയനാട്ടില് 73.48 ആയിരുന്നു പോളിംഗ് ശതമാനം. പത്തുശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല് വോട്ട് രേഖപ്പെടുത്തിയത് ഏറനാട് നിയമസഭാ മണ്ഡലത്തിലും കുറവ് നിലമ്പൂരിലുമാണ്.
ചരിത്രഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ പാർലമെന്റിൽ എത്തിക്കണമെന്ന ചിന്തയിൽ നടത്തിയ പ്രചാരവേലകൾ ഫലവത്തായില്ലെന്ന് കരുതുന്നവർ യുഡിഎഫ് നിരയിൽ നിരവധിയാണ്. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന് വിലയിരുത്തുന്നവരും യുഡിഎഫിലുണ്ട്.
തങ്ങളുടെ വോട്ടര്മാര് എല്ലാവരും എത്തിയിട്ടുണ്ടെന്നും വരാത്തവര് എല്ഡിഎഫിലെയും എന്ഡിഎയിലെയും വോട്ടര്മാരാണെന്നും കോണ്ഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎല്എ പറയുന്നു. പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം മറികടക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വയനാട്ടില് യുഡിഎഫ് ടിക്കറ്റിൽ കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി ആദ്യമായി മത്സരിച്ച 2019ൽ 80.33 ശതമാനമായിരുന്നു പോളിംഗ്. അന്ന് ഭൂരിപക്ഷം 4.3 ലക്ഷമായിരുന്നു. കഴിഞ്ഞ തവണ 73.48 ശതമാനമായി പോളിംഗ് കുറഞ്ഞപ്പോള് രാഹുലിന്റെ ഭൂരിപക്ഷം 3.6 ലക്ഷമായി കുറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ പോളിംഗ് കുറഞ്ഞതിനാല് പ്രിയങ്കയുടെ ഭൂരിപക്ഷം കുറയുമെന്നാണ് രാഷ്്ട്രീയ നീരീക്ഷകര് കരുതുന്നത്.
പോളിംഗ് കുറവ് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നു വ്യക്തമായി പറയാൻ കഴിയാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി നേതൃത്വവും. യുഡിഎഫിനു കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് പോൾ ചെയ്യാതെ പോയതിൽ അധികവുമെന്നാണ് എൽഡിഎഫ് നേതാക്കളിൽ ചിലരുടെ അഭിപ്രായം. എന്ഡിഎയുടെ വോട്ട് ഇത്തവണ വര്ധിക്കുമെന്ന് സ്ഥാനാര്ഥി നവ്യ ഹരിദാസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനോട് വോട്ടര്മാര്ക്ക് താല്പര്യം കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാന് കാരണമെന്നാണ് വിലയിരുത്തല്. ഏഴുമാസത്തിനിടയില് നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് ആയതും മത്സരം ഏകപക്ഷീയമായതും വോട്ടര്മാരെ നിരാശരാക്കി. വയനാടിനു പുറത്തു ജോലി ചെയ്യുന്ന യുവാക്കളില് ഏറെപ്പേരും ഇത്തവണ പോളിംഗ് ബൂത്തുകളിലേക്ക് തിരിഞ്ഞുനോക്കാത്തത് തിരിച്ചടിയായി.