കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട്… ഇതില്‍ ആദ്യരണ്ട് മണ്ഡലങ്ങളിലും ആരു ജയിക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്ക്കും. പക്ഷെ വോട്ടെണ്ണിയ നിമിഷം മുതല്‍ വയനാട്ടില്‍ അതുണ്ടായില്ല. തുടക്കം മുതല്‍ അക്ഷരാര്‍ഥത്തില്‍ കുതിച്ചുകയറുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ കുതിപ്പ് അവസാന റൗണ്ട് വരെ നിലനിര്‍ത്താന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു.
സഹോദരന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് സൂചനകള്‍ പ്രകാരം പ്രിയങ്കയുടെ കുതിപ്പ്. 2019ല്‍ 4,31,770, 2024ല്‍ 3,64,422 എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. നിലവില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2,90,256 ലക്ഷം വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മോകേരി 64,500 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 34,200 വോട്ടുകളാണ് നേടിയത്.
കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജയ്ക്ക് 2,83,023 വോട്ടാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി 1,41,045 വോട്ടും ലഭിച്ചു.ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ആശങ്ക ഉയര്‍ത്തിയിരുന്നുവെങ്കിലും യുഡിഎഫ് ക്യാമ്പ് ഇപ്പോള്‍ ആവേശത്തിലാണ്. രാവിലെ പത്തോടെ പലഭാഗത്തും പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു.