കൽപ്പറ്റ: ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിർമാണം കൽപ്പറ്റയ്ക്കടുത്ത് മരവയലിൽ 18മാസത്തിനകം പൂർത്തിയാക്കുമെന്ന് കൽപ്പറ്റ നഗരസഭ ചെയർപേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗം സലീം കടവൻ, സെക്രട്ടറി ഇൻചാർജ് സതീഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഡിയത്തിന് 18.67 കോടി രൂപയാണ് കിഫ്ബി (കേരള ഇൻഫ്ര സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതി മുഖേന വകയിരുത്തിയിട്ടുള്ളത്.
സർക്കാർ ഏജൻസിയായ കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്‍സൾട്ടൻസി ഓർഗനൈസേഷൻ) വഴിയാണ് നിർമാണം നടത്തുന്നത്. പ്ലാന്ററും സാമൂഹികപ്രവർത്തകനും കായികപ്രേമിയുമായ എം.ജെ. വിജയപദ്മൻ 29 വർഷം മുന്‍പ് 20പേരിൽ നിന്നും വിലയ്ക്ക് വാങ്ങി ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയ 7.88 ഏക്കറിലാണ് സ്റ്റേഡിയം യാഥാർഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഒന്നാം ഘട്ടത്തിൽ 26900 ചതുരശ്രയടി വിസ്തീർണമുള്ള വിഐപി ലോഞ്ച്, 9400 ചതുരശ്രയടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ളസംഭരണം, 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് നിലകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രം, ഫെൻസിംഗ്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള ഓഫീസ് മുറികൾ, ഡ്രെയിനേജ് സിസ്റ്റം, രണ്ട് അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോൾ ഗ്രൗണ്ട് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാംഘട്ടത്തിൽ ആറ് ലൈനോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉൾപ്പടെയുള്ളവയും നിർമിക്കും. ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവ്യത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. എംപി മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്ര കുമാർ, എംഎൽഎ മാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കായിക യുവജനകാര്യ സെക്രട്ടറി ഡോ. ബി. അശോക്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, കായിക യുവജനകാര്യ ഡയറക്ടർ സഞ്ജയൻ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാകളക്ടർ എ.ആർ. അജയ കുമാർ എന്നിവർ പങ്കെടുക്കും.