നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ഓഗസ്റ്റ് മാസം കേരളം സാക്ഷിയായത്. പ്രളയാനന്തരം കേരളത്തിലെ മണ്ണിനും നദികള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും പ്രകൃതിയ്ക്ക് മുഴുവനും സംഭവിച്ച മാറ്റങ്ങളും ആഘാതങ്ങളും ആളുകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതുമാണ്.
പ്രളയക്കെടുതിയില്‍ നിന്ന് അതിവേഗം അതിജീവിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രളയത്തിന് ഇരയായ മനുഷ്യജീവിതങ്ങളുടെ മുഴുവന്‍ മേഖലകളിലും ഈ അതിജീവനം സാധ്യമായിട്ടില്ലെന്ന് വ്യക്തമാവുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പ്രളയവും ഉരുള്‍പ്പൊട്ടലും വലിയ രീതിയില്‍ നാശം വിതച്ച വയനാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് മലയാളികളെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത്. വയനാട്ടില്‍ പ്രളയശേഷം സ്കൂളുകളില്‍ നിന്നും കുട്ടികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നു എന്ന റിപ്പോര്‍ട്ടാണിത്.
ഭൂരിഭാഗം കുട്ടികളും തുടര്‍ച്ചയായി സ്കൂളില്‍ ഹാജരാകാത്ത സ്ഥിതിവിശേഷമാണുള്ളത്. ഈ വര്‍ഷം മാത്രം ആയിരത്തോളം കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ല എന്നാണു വിദ്യാഭ്യാസവകുപ്പിന്റെ കയ്യിലുള്ള കണക്കുകള്‍ പറയുന്നത്.
പ്രളയക്കെടുതിക്കും ഓണാവധിക്കും ശേഷം ഓഗസ്റ്റ് 29നാണ് വയനാട്ടില്‍ സ്കൂളുകള്‍ തുറന്നത്. ആദ്യയാഴ്ചയില് തന്നെ ഹാജര്‍ നിലയില്‍ കുറവ് വന്നതായി സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയും വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയില്‍ 200 കുട്ടികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്കൂളുകളില്‍ എത്തിയിട്ടില്ല എന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം വരാതിരുന്നാല്‍ ഹാജര്ബുക്കില് നിന്നും പേര് വെട്ടുക എന്നതാണ് സ്കൂളുകളിലെ രീതി.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, വേണ്ട പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും വയനാട് കല്‍പ്പറ്റ എം.എല്‍.എ സി. കെ. ശശീന്ദ്രന് പറഞ്ഞു. ‘സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവെന്നത് ശരിയാണ്.
ഇവരെ അവരവരുടെ വീടുകളില്‍ പോയി കണ്ട് കൗണ്‍സിലിംഗും മറ്റു ബോധവത്കരണ പരിപാടികളും നടത്തി സ്കൂളിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്.
പ്രളയത്തിനുശേഷം വയനാട്ടില്‍ പ്രത്യേകാന്തരീക്ഷമാണ് നിലനില്‍ക്കുന്നത് . വീടുകളും കൃഷിയും മറ്റും നശിച്ചു. കുട്ടികളോടൊപ്പം രക്ഷകര്‍ത്താക്കളെയും കണ്ടു സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളെ തിരിച്ചെത്തിക്കേണ്ടത് വലിയ ഉത്തരവാദിത്തം തന്നെയാണ്. ഇതിനു വേണ്ടി ക്യാമ്പുകള്‍ നടത്തും. രണ്ടാഴ്ച്ച സ്കൂളിലെത്തിയില്ലെന്നത് കാരണമായി കാണിച്ച് പേര് വെട്ടാന്‍ പാടില്ല. സാങ്കേതിക നടപടികളെക്കാള്‍ പ്രായോഗികമായ പരിഹാരങ്ങളാണ് ആവശ്യം.’ എം.എല്‍.എ പറഞ്ഞു.