കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്.
ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക. 2018-ലെ വെള്ളപൊക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആടുകളെ വിറ്റ പണം സംഭാവന ചെയ്ത സുബൈദ ഉമ്മയെ നമുക്കെല്ലാവർക്കും അറിയാം. അതേ ഉമ്മതന്നെയാണ് ഇന്നും വയനാടിനെ തന്നാലാവും വിധം ചേർത്തു പിടിക്കുന്നത്.
ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപ സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കളക്ടർക്ക് സുബൈദ ഉമ്മ നേരിട്ട് തുക കൈമാറി. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ള ഈ സന്തോഷ വാർത്ത ഫേയ്സ്ബുക്കിൽ പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
‘അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിൽ നിന്ന് കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.