കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഇനി കളിമാറും. ഒന്നുകില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍, അല്ലെങ്കില്‍ ബിജെപിയിലെ പ്രമുഖന് എന്നാണ് എന്‍ഡിഎ സംസ്ഥാന നേതൃത്വം നല്കുന്ന സൂചന. നിലവിലെ സ്ഥാനാർഥി പൈലി വാത്യാട്ടിനെ പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്.
നടൻ സുരേഷ് ഗോപിയുടെ പേരാണ് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്.
രാഹുലിനെ എതിരിടാന്‍ ബിജെപിയിലെ പ്രമുഖന് തന്നെ വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ബിജെപിക്ക് തീരെ വേരോട്ടമില്ലാത്ത വയനാട്ടില്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ആള് എന്ന നിലപാടാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പോലും അത് ചരിത്രനേട്ടമായി വിലയിരുത്തപ്പെടുമെന്ന് അവർ കരുതുന്നു.എന്നാല്‍ സുരേഷ് ഗോപി ഇതുവരെ സമ്മതം മൂളിയിട്ടില്ല.
അതേസമയം സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ മത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രേമാഡിയുമായുള്ള സുരേഷ് ഗോപിയുടെ അടുപ്പവും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനെ സ്വാധീനിക്കും.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാടെ മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമെന്നതിനാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന കാര്യത്തില്‍ എന്‍ഡിഎയില്‍ അഭിപ്രായവ്യത്യാസമില്ല. അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരേയുള്ള മല്‍സരം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായിപോലും വിലയിരുത്തപ്പെടും.
ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറായി പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ വലിയ റോളുണ്ടാകില്ല. അതേസമയം തുഷാര്‍ വയനാട്ടില്‍ മല്‍സരിക്കുകയാണെങ്കില്‍ ഒഴിവുവരുന്ന തൃശൂര്‍ സീറ്റില്‍ മല്‍സരിക്കാന്‍ ബിജെപി നേതാക്കളുടെ ഒരു പട തന്നെ രംഗത്തുണ്ട്. എ
ന്‍ഡിഎ, ബിഡിജെഎസിനു നല്‍കിയതാണ് വയനാട് സീറ്റ്.
കൊട്ടിയൂര്‍ കേളകത്തുനിന്നുള്ള പൈലി വാത്യാട്ടിനെയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് നേതൃത്വം പ്രഖ്യാപിച്ചത്. ആദ്യം കേരള കോൺഗ്രസ് പി.ടി.തോമസ് വിഭാഗത്തിലെ ആന്റോ അഗസ്റ്റിന്റെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. രാഹുൽ വരുന്നതോടെ പൈലിയെ പിന്‍വലിക്കുമെന്നുറപ്പാണ്. പകരം ആര് എന്ന ചോദ്യമാണ് ഉയരുന്നത്. അതിനു താമസിയാതെ തന്നെ എന്‍ഡിഎ ഉത്തരം തേടേണ്ടിവരും.