കൽപ്പറ്റ: വയനാട് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള തലപ്പുഴ 43ൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിനിടെ അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ മുറിച്ചു. ആഞ്ഞിലി, പ്ലാവ്, കരിമരുത്, കറുപ്പ, മരുത്, കുളിർമാവ് ഉൾപ്പെടെയുള്ള 73 മരങ്ങളാണ് മുറിച്ചത്.
നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് അടുത്ത് തലപ്പുഴ 41 മുതൽ 43 വരെയുള്ള ഭാഗങ്ങളിലാണ് തൂക്കു ഫെൻസിംഗ് നിർമാണം നടക്കുന്നത്. നിർമാണത്തിനിടെ വേലിയുടെ ഇരുഭാഗത്തുമുള്ള അനുമതിയുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്.
എന്നാൽ, നിർമാണത്തിനിടെ വനംവകുപ്പ് അനുമതി നൽകിയതിൽ കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റി. പ്രാഥമിക പരിശോധനയിൽ ഇത്തരത്തിൽ മരങ്ങൾ മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടതായും വിശദമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ.എഫ്. മാർട്ടിൻ ലോവൽ അറിയിച്ചു.
എന്നാൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് 70 ഓളം ചെറുതും വലുതുമായ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് നാട്ടുകാർ ആരോപിച്ചു. മരങ്ങൾ മുറിച്ച് വിറ്റതായും നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറോട് നോർത്ത് വയനാട് ഡിഎഫ്ഒ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ വനപാലകർക്കെതിരേ നടപടി സ്വീകരിച്ചേക്കും.