നിലന്പൂർ: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചു കോണ്ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ച തുടങ്ങി.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ ചർച്ചക്കായി ഇന്നലെ ഡെൽഹിയിൽ എത്തിയിരുന്നു.
രാവിലെ പതിനൊന്നോടെ ചർച്ച ആരംഭിച്ചു. മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് എംഎൽഎമാരായ ഐ.സി ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, രാജ്യസഭാംഗം പി.വി.അബ്ദുൾ വഹാബ് എംപി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പി.കെ.ജയലക്ഷമി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദിഖ്, മുൻ എംഎൽഎ, കെ.സി.റോസക്കുട്ടി, എൻ.ഡി.അപ്പച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റുമാർ എന്നിവരടങ്ങിയ സംഘമാണ് രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിയിലെത്തിയത്.
നിലന്പൂർ -നഞ്ചൻഗോഡ് പാത, മുണ്ടേരി – മേപ്പാടി ബദൽ റോഡ്. മൈസുരൂ റോഡിലെ രാത്രി കാലഗതാഗത നിരോധനം, വയനാടിന് മാത്രമായുള്ള പ്രത്യേക കാർഷിക പാക്കേജ്, വയനാട്ടിലെ മെഡിക്കൽ കോളജ്, നിലന്പൂരിൽ എൻജിനീയറിംഗ് കോളജ് എന്നി വിഷയങ്ങളും ചർച്ച ചെയ്യും. രാഹുൽഗാന്ധിയുടെ തിരക്കും മറ്റും കണക്കിലെടുത്തു മണ്ഡല പരിധിയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും, മണ്ഡലത്തിന്റെ മൊത്തമായുള്ള ചുമതലകളും ആർക്കെല്ലാം നൽകണമെന്നും യോഗത്തിൽ ചർച്ച ചെയ്യും.
വയനാടിന്റെ വികസനം വേഗത്തിലാക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ രാഹുൽ ഗാന്ധിക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാനും എം.പി.ഓഫീസ് തുറക്കുന്ന കാര്യവും ചർച്ചയിൽ ഉയരും. മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവരും ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ വികസന പ്രവർത്തനങ്ങളും ചർച്ചയാകും.
ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് മണ്ഡലത്തിലെ പ്രധാന യുഡിഎഫ് നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചത്.