ഉപ്പുതറ: വയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ ശേഖരിച്ച സാധനങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. ദുരിതബാധിതരെ സഹായിക്കാൻ പഞ്ചായത്ത് ശേഖരിച്ചതും വിവിധ സംഘടനകളും സുമനസുകളായ വ്യക്തികളും നൽകിയതുമായ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് അസി. സെക്രട്ടറിയുടെ മുറിയിൽ കെട്ടിക്കിടക്കുന്നത്.
കളക്ഷൻ സെന്റർ തുറന്നാണ് സാധനങ്ങൾ സമാഹരിച്ചത്. ഇതിൽ പല സാധനങ്ങളും നശിച്ചിട്ടുണ്ട്. സമാഹരിച്ച സാധനങ്ങൾ അയ്യപ്പൻ കോവിൽ പഞ്ചായത്തുമായി സഹകരിച്ച് വയനാട്ടിൽ എത്തിക്കാനായിരുന്നു പദ്ധതി.
എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായില്ല. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്നും സൂക്ഷിക്കാനുള്ള സൗകര്യം കുറവായതിനാൽ ഓണം കഴിഞ്ഞ് എത്തിച്ചാൽ മതിയെന്ന് അറിയിച്ചതിനാലുമാണ് സാധനങ്ങൾ അന്ന് എത്തിക്കാതിരുന്നത് എന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് പറഞ്ഞു.
അവിടത്തെ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ സാധനങ്ങൾ വയനാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.