തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി.കെ രാജന്. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകം ആണ്. കേവലമായ സാങ്കേതികത്വം പറഞ്ഞ് ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
വയനാട് ഉരുൾപൊട്ടൽ ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന് തീരുമാനമായില്ല. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ് ഡി ആര് എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തെ ലെവൽ 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്.
ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും സംബന്ധിച്ച് ഇന്റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ സംഘം കേരളത്തിലെ മന്ത്രിമാരുമായും കേരളത്തിലെ സംഘവുമായും സംസാരിച്ചു.
വിഷയത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുകയും ദുരന്തത്തിന്റെ വ്യാപ്തി ബോധിപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കാട്ടി കേന്ദ്രം കത്തയച്ചിരിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.