കൽപ്പറ്റ: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മുന്നൂറോളം പേരെ കാണാതായതായാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ചൂരൽമല ഹയർസെക്കൻഡറി സ്കൂളിനു സമീപത്തായി ഉണ്ടായിരുന്ന എഴുപതോളം വീടുകൾ അവിടെ കാണാനില്ല. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകൾ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്.
എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെ ലഭിച്ചിട്ടില്ല. ചൂരൽമലയിലെ എച്ച്എംഎലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്.
മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളു.
ഉരുൾപൊട്ടലിനെ തുടർന്ന് പുഴയുടെ ഗതിമാറി ചൂരൽമല സ്കൂളിനുള്ളിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്കൂൾ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളിൽ ജോലിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഉരുൾപൊട്ടലിനിരയായവരിലേറെയും.
സ്കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്നാണ് ആളുകൾ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവിടെ മണ്ണിൽ പുതഞ്ഞുപോയ ജീവനുള്ള ആളുകളും ഉണ്ടെന്നാണ് സൂചന.ചൂരൽമല പുഴ നിലന്പൂർ ചാലിയാറിലേക്കാണ് ഒഴുകിയെത്തുന്നത്.
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ പെട്ട അഞ്ചുവയസുകാരന്റെ ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ നിന്നാണ് ലഭിച്ചത്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ റിസോർട്ടുകളിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും അടക്കം നൂറിലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.